ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ 45 ദിവസമായി കാണാതായിരുന്ന 44-കാരന്റെ മൃതദേഹം സ്വന്തം വീട്ടിലെ ശുചിമുറിയുടെ തറയ്ക്കടിയിൽ നിന്ന് കണ്ടെത്തി. ഭാര്യയാണ് ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ സുരേന്ദ്ര കുമാർ ശർമയുടെ ഭാര്യ റൂബിയെ അറസ്റ്റ് ചെയ്തു.
സുരേന്ദ്ര കുമാർ ശർമയെ 45 ദിവസമായി കാണാനില്ലെന്നും എവിടെയോ പോയതാണെന്നും ഉടൻ തിരിച്ചെത്തുമെന്നുമാണ് റൂബി ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞിരുന്നത്. എന്നാൽ സുരേന്ദ്രന്റെ സഹോദരന് തോന്നിയ സംശയമാണ് കേസിന്റെ ചുരുളഴിച്ചത്.
പഴയൊരു കേസുമായി ബന്ധപ്പെട്ട് പൊലീസ് റൂട്ടീൻ പരിശോധനയ്ക്കായി സുരേന്ദ്രന്റെ വീട്ടിലെത്തിയപ്പോഴാണ് റൂബിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടത്. ഇതിനിടെ ശുചിമുറിയുടെ തറയിൽ പുതുതായി ടൈൽ പാകിയതും പ്ലാസ്റ്ററിങ് നടത്തിയതും പൊലീസ് ശ്രദ്ധിച്ചു. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് റൂബി പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ സംശയം ശക്തമായി.
തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് റൂബി കുറ്റം സമ്മതിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ശുചിമുറിയുടെ തറ പൊളിച്ചപ്പോൾ അഴുകിയ നിലയിൽ സുരേന്ദ്ര കുമാർ ശർമയുടെ മൃതദേഹം കണ്ടെത്തി.
പൊലീസ് അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, 16 വർഷമായി വിവാഹിതരായിരുന്ന സുരേന്ദ്രനും റൂബിയും തമ്മിൽ നിരന്തരം കുടുംബവഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നു. സംഭവദിവസം റൂബി രണ്ട് പെൺമക്കളെയും ഭർത്താവിന്റെ മൂത്ത സഹോദരന്റെ വീട്ടിലേക്ക് അയച്ചശേഷം സുരേന്ദ്രന് ഉറക്കഗുളിക കലർത്തിയ പായസം നൽകി. അബോധാവസ്ഥയിലായ സുരേന്ദ്രനെ പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
അടുത്ത ദിവസം ശുചിമുറിയിൽ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്ത ശേഷം മണ്ണും സിമന്റും ഉപയോഗിച്ച് തറ പ്ലാസ്റ്റർ ചെയ്യുകയും മുകളിൽ പുതിയ ടൈലുകൾ പാകുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹം ഒളിപ്പിച്ചശേഷം 45 ദിവസത്തോളം യാതൊരു സംശയവും തോന്നാത്ത രീതിയിൽ റൂബി പെരുമാറിയതായും പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



