തിരുവനന്തപുരം: ആസൂത്രണബോർഡ് പിഎസ്‌സി പരീക്ഷാക്രമക്കേട് അന്വേഷണത്തിൽ തർക്കം. ക്രമക്കേട് അന്വേഷിക്കാൻ കൺട്രോളറിന് നിർദേശം നൽകിയത് പിഎസ്‌സി ചെയർമാനാണെന്ന് റിപ്പോർട്ട്. എസ്‌പിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തുമെന്ന് പിഎസ്‌സി യോഗത്തിൽ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനം മറികടന്ന് അന്വേഷണം കൺട്രോളറിന് കൈമാറിയതായി ആരോപണം ഉയർന്നിട്ടുണ്ട്. പിഎസ്‌സി സെക്രട്ടറി അറിയാതെയാണ് ചെയർമാന്റെ നടപടി നടന്നതെന്നും പറയുന്നു.
എന്നാൽ പരീക്ഷാ കൺട്രോളർക്ക് ഈ അന്വേഷണത്തിന് നിയമപരമായ തടസ്സമുണ്ടെന്ന് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ജീവനക്കാരുടെ വീഴ്ചകൾ അന്വേഷിക്കാനാണ് കൺട്രോളറിന് അധികാരം ഉള്ളതെന്ന് വ്യക്തമാക്കുന്നു. ആസൂത്രണ ബോർഡിലെ പ്രധാന തസ്തികകളിലേക്കുള്ള പരീക്ഷകളിലാണ് ക്രമക്കേട് ആരോപണം ഉയർന്നത്. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് ഫലം പ്രസിദ്ധീകരിച്ചതെന്നും പറയുന്നു.
ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചീഫ്, പേഴ്സ്പെക്ടീവ് പ്ലാനിംഗ് ഡിവിഷൻ ചീഫ്, പ്ലാനിംഗ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് തുടങ്ങിയ ഉയർന്ന ശമ്പളമുള്ള തസ്തികകളിലേക്കുള്ള പരീക്ഷകളിലാണ് ക്രമക്കേട് നടന്നതെന്നാണ് ആരോപണം.
2019-ൽ നടന്ന അഭിമുഖത്തിലും ക്രമക്കേട് നടന്നതായി പരാതികൾ ഉയർന്നിരുന്നു. അഭിമുഖത്തിൽ അധിക മാർക്ക് നൽകിയതായും എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ആരോപണം. പരാതികൾ വ്യാപകമായതിനെ തുടർന്ന് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. വിജിലൻസ് അന്വേഷണം ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ പരിഗണിക്കുന്നതായാണ് വിവരം.




