താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ നടി അൻസിബ ഹസൻ വീണ്ടും കോടതിയെ സമീപിച്ചു. നടിമാരായ ലക്ഷ്മിപ്രിയ, ശ്വേതാ മേനോൻ എന്നിവർക്കെതിരായ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്.
ഓൺലൈൻ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് അൻസിബയുടെ പരാതി. പാലാരിവട്ടം പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് അൻസിബ വ്യക്തമാക്കി. നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതിന് പിന്നാലെയാണ് ഈ പുതിയ നിയമനടപടി.
അതേസമയം, ‘അമ്മ’യിലെ അഡ്ഹോക്ക് കമ്മിറ്റിയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി അൻസിബ രംഗത്തെത്തി. സംഘടനയിൽ വലിയ പ്രതീക്ഷയോടെയാണ് എത്തിയതെന്നും പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് അന്ന് മോഹൻലാൽ ഉൾപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി രാജിവെച്ചതെന്നും അവർ പറഞ്ഞു.
തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചതെന്നും, ആ കമ്മിറ്റിയുടെ പ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു ‘സഞ്ജീവിനി’ പദ്ധതി തുടരുക എന്നതെന്നും അൻസിബ വ്യക്തമാക്കി. സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേതാ മേനോൻ ഉൾപ്പെട്ട കമ്മിറ്റി പിരിച്ചുവിട്ടതെന്നും അത്തരമൊരു കമ്മിറ്റിയെ എങ്ങനെ തുടരാൻ അനുവദിക്കുമെന്ന ചോദ്യവും അവർ ഉയർത്തി.
ഇതിനിടെ, അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അൻസിബ നൽകിയ പരാതിയിൽ കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോർട്ട് അപൂർണമാണെന്ന് കോടതി കണ്ടെത്തുകയും, ‘ജിഹാദി’ പരാമർശം തമാശയെന്ന പൊലീസ് വിശദീകരണം തള്ളുകയും ചെയ്തിരുന്നു.
നടി നീന കുറുപ്പിന്റെ മൊഴി ഉൾപ്പെടെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന് വിലയിരുത്തിയ കോടതി, ബിഎൻഎസ് വകുപ്പ് 173(5) പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ കടവന്ത്ര പൊലീസിന് നിർദേശം നൽകി. സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെയുള്ള പരാതികളും വിശദമായി അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് അൻസിബയുടെ പരാതികളും വിവാദങ്ങളും വ്യാപകമായി ചർച്ചയായത്. ടിനി ടോം തനിക്കെതിരെ നിരന്തരം സൈബർ അധിക്ഷേപവും വർഗീയ പരാമർശങ്ങളും നടത്തിയെന്നും കുടുംബത്തെ പോലും ലക്ഷ്യമിട്ടെന്നും അൻസിബ പരാതിയിലും പിന്നീട് സാമൂഹ്യമാധ്യമ കുറിപ്പുകളിലും ആരോപിച്ചിരുന്നു.















