കോഴിക്കോട്: വീട്ടുമുറ്റത്ത് സ്റ്റാർട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുവീണ് യുവാവിന് പരിക്ക്. വടകര വില്ല്യാപ്പള്ളി കുളത്തൂരിൽ ചാലിൽ സ്വദേശി തൻസീമിനാണ് പരിക്കേറ്റത്. തൻസീമിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് തൻസീം സ്റ്റാര്‍ട്ട് ചെയ്തത്. അബദ്ധത്തിൽ ആക്സിലറേറ്ററിൽ കാൽ അമർന്നുപോയതോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട് അതിവേഗത്തിൽ മുന്നോട്ട് കുതിച്ച കാർ വീടിൻ്റെ മതിൽ തകർത്ത് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു.
ശബ്ദം കേട്ട് നാട്ടുകാർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും, തൻസീമിനെ കാറിൽ നിന്ന് പുറത്തെടുക്കാൻ കഴിഞ്ഞില്ല. യുവാവിന്റെ കാൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. തുടര്‍ന്ന് വിവരം ലഭിച്ചതോടെയാണ് അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി തൻസീമിനെ പുറത്തെടുത്തത്.






