ഗാസിയാബാദ്: പിതാവിന് നേരേ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മകൾക്കെതിരെ പൊലീസ് കേസെടുത്തു. ഗാസിയാബാദ് സ്വദേശിനി പ്രിയങ്ക തോമറിനെതിരെയാണ് പിതാവ് ഹിതേഷ് തോമറിന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. സെപ്റ്റംബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
രണ്ടുവർഷം മുൻപ് വീട് വിട്ടുപോയ പ്രിയങ്ക തോമർ ഇതരജാതിക്കാരനായ കാമുകനെ വിവാഹം കഴിച്ച് മറ്റൊരിടത്താണ് താമസിച്ചിരുന്നത്. ഇതിനിടെ, കാർ ലോണുമായി ബന്ധപ്പെട്ട് പ്രിയങ്ക നേരത്തെയുണ്ടായിരുന്ന വിലാസമാണ് നൽകിയിരുന്നത്. വിലാസവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എത്തുമ്പോൾ ആവശ്യമായ വിവരങ്ങളും രേഖകളും നൽകണമെന്ന് ആവശ്യപ്പെട്ടാണ് സെപ്റ്റംബർ എട്ടിന് സാഹിബാബാദിലെ വൃന്ദാവൻ ഗാർഡൻ കോളനിയിലെ പിതാവിന്റെ വീട്ടിലെത്തിയത്.
എന്നാൽ പിതാവ് വിവരങ്ങളും രേഖകളും നൽകാൻ വിസമ്മതിച്ചതോടെ പ്രിയങ്ക അസഭ്യം പറയുകയും കൈയിൽ കരുതിയിരുന്ന തോക്ക് പിതാവിന് നേരേ ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. പ്രശ്നം പരിഹരിക്കാനെത്തിയ സഹോദരന്റെ ഭാര്യയ്ക്കു നേരെയും യുവതി തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയെന്നും പരാതിയിലുണ്ട്. തുടർന്ന് പ്രിയങ്കയ്‌ക്കൊപ്പം എത്തിയ സുഹൃത്ത് ഇടപെട്ടാണ് യുവതിയെ പിന്തിരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പിതാവിന്റെ പരാതിയിൽ പ്രിയങ്കയ്ക്കും ഇവർക്കൊപ്പം എത്തിയ സുഹൃത്തിനുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രിയങ്ക ഒളിവിലാണെന്നും ഫോൺ സ്വിച്ച് ഓഫാണെന്നും പൊലീസ് വ്യക്തമാക്കി. യുവതിക്കായി അന്വേഷണം തുടരുകയാണ്.















