കോഴിക്കോട്: ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ ‘ഡെസ്റ്റിനേഷൻ ചലഞ്ച്’ പദ്ധതിക്ക് 75 ലക്ഷം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ടൂറിസം മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ചെറുപുഴയും ഇരുവഴിഞ്ഞി പുഴയും ചാലിയാറിൽ സംഗമിക്കുന്ന കൂളിമാട് പ്രദേശത്തെയാണ് പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നത്. കൂളിമാട്, ചെട്ടിക്കടവ് പാലത്തിന് സമീപമുള്ള രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനമാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
പാർക്ക് വികസന പദ്ധതിയിൽ ഇരിപ്പിടങ്ങൾ, ഗാലറി, ഓപ്പൺ സ്റ്റേജ്, കുട്ടികളുടെ കളിസ്ഥലം, ഓപ്പൺ ജിം, വ്യൂ പോയിന്റ്, ശുചിമുറികൾ, വൈദ്യുതീകരണം എന്നിവ ഉൾപ്പെടും. പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് നിർദേശം.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടൂറിസം ഡെസ്റ്റിനേഷനെങ്കിലും വികസിപ്പിക്കുക എന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ നിരവധി പദ്ധതികളാണ് സംസ്ഥാനത്തുടനീളം നടപ്പാക്കി വരുന്നതെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.






