ആധാര്‍ സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങളുമായി യുഐഡിഎഐ. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ ആധാർ കാർഡിന് വേണ്ടി സംസ്ഥാനത്ത് ആധാറിന്റെ നോഡൽ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും (UIDAI) നിശ്ചയിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കുട്ടികളുടെ ആധാറുമായി മൂന്ന് നിര്‍ദേശങ്ങളാണ് യുഐഡിഎഐ നിര്‍ദേശിച്ചത്.
നവജാത ശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാം. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെൻറ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടനെ തന്നെ ആധാർ എൻറോൾമെൻറ് പൂർത്തീകരിക്കുന്നത് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ഭാവിയിൽ സഹായകമാകും.
കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും, പതിനഞ്ച് വയസ്സിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ പതിനേഴു വയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്തപക്ഷം, നൂറ് രൂപ നിരക്ക് ഈടാക്കുന്നതാണ്.
പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധു ആകാൻ സാധ്യതയുണ്ട്. സ്കോളർഷിപ്പ്, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്കൂൾ/കോളേജ് അഡ്മിഷൻ, എൻട്രൻസ്/മത്സര പരീക്ഷകൾ, DIGILOCKER, APAAR, PAN കാർഡ് മുതലായവയിൽ ആധാർ ഉപയോഗപ്പെടുത്തുന്നു.
ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ നിങ്ങളുടെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകേണ്ടത് അനിവാര്യമാണ്. പല വകുപ്പുകളും ആധാറിൽ കൊടുത്തിരിക്കുന്ന മൊബൈലിൽ/ഇ-മെയിലിൽ OTP അയച്ച് സേവനങ്ങൾ കൊടുക്കുന്നുണ്ട്.
0-5 വയസ്സിലെ പേര് ചേർക്കൽ, നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ, മൊബൈൽ നമ്പർ, ഇ-മെയിൽ ഉൾപ്പെടുത്തൽ എന്നീ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റു ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കുന്നതാണ്.






