മുംബൈ: യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ടോക്‌സിക്കിനെതിരെ പരാതി നൽകി ക്രിസ്ത്യൻ സംഘടനയായ ദ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ. നേരത്തേ പുറത്തുവന്ന ചിത്രത്തിന്റെ ടീസർ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് സംഘടന ആരോപിക്കുന്നത്. ഫിലിം ചേംബർ, കർണാടക ചീഫ് സെക്രട്ടറി, സെൻസർ ബോർഡ് എന്നിവർക്കും സംഘടന പരാതി നൽകിയിട്ടുണ്ട്.
ടീസറിന്റെ ഉള്ളടക്കത്തിനെതിരെ നേരത്തേയും പരാതി ഉയർന്നിരുന്നു. ടീസറിലെ ഇന്റിമേറ്റ് രംഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഈ രംഗങ്ങൾ നടക്കുന്നത് ക്രിസ്തീയ ചിഹ്നങ്ങൾക്കും മിഖായേലിന്റെ പ്രതിമയ്ക്കുമുന്നിലുമാണെന്ന് കാണിച്ചാണ് പുതിയ പരാതി. ടീസർ യൂട്യൂബിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും ഏതാനും സീനുകൾ മാറ്റണമെന്നുമാണ് പരാതിയിലെ ആവശ്യം. മുൻപ് ടോക്സിക്കിനെതിരെ കർണാടക വനിതാ കമ്മീഷനും സെൻസർ ബോർഡിനും മുന്നിൽ പരാതി എത്തിയിരുന്നു.




