അടിമാലി: അടിമാലിയിലെ ദേശീയപാത നിർമാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ട ബിജുവിന്റെ മകളുടെ പഠനച്ചെലവ് മുഴുവൻ കങ്ങഴ തെയോഫിലോസ് നഴ്‌സിംഗ് കോളേജ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ബിജുവിന്റെ മകൾ അതേ കോളേജിൽ നഴ്‌സിംഗ് രണ്ടാംവർഷ വിദ്യാർത്ഥിനിയാണ്.
മന്ത്രി കോളേജിന്റെ ചെയർമാൻ ജോജി തോമസുമായി ടെലിഫോൺ സംഭാഷണം നടത്തി. പഠന ഫീസും ഹോസ്റ്റൽ ഫീസും ഉൾപ്പെടെ കോഴ്‌സ് പൂർത്തിയാകുന്നത് വരെ മുഴുവൻ ചെലവുകളും കോളേജ് വഹിക്കുമെന്ന് ജോജി തോമസ് മന്ത്രിയെ അറിയിച്ചു. ഈ മനോഹരമായ തീരുമാനത്തിന് മന്ത്രി വീണാ ജോർജ് ജോജി തോമസിനോട് നന്ദി അറിയിച്ചു. ബിജുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.










