കൊച്ചി: മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്നു വീണ്ടും പരിഗണിക്കും. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസ് ഇന്ന് നിലപാടറിയിക്കും. മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടർന്നാണ് നടൻ കഴിഞ്ഞദിവസം മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും തന്റെ പേര് ദുരുപയോഗം ചെയ്തതിനെ തുടർന്ന് ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലെ പ്രതികാരമാണ് പരാതിക്ക് പിന്നിലെന്നുമാണ് ഹർജിയിൽ ഉണ്ണി മുകുന്ദന്റെ വാദം. ഉണ്ണി മുകുന്ദൻ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ചങ്ങനാശ്ശേരി സ്വദേശി വിപിൻ കുമാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൻ്റെ ഒന്നാം നിലയിലുള്ള ആളൊഴിഞ്ഞ പാർക്കിംഗ് സ്ഥലത്തേക്ക് തന്നെ വിളിച്ചു വരുത്തി യാതൊരു പ്രകോപനവും കൂടാതെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ തൻ്റെ മുഖത്തിരുന്ന വിലയേറിയ കൂളിംഗ് ഗ്ലാസ്സ് എടുത്ത് വലിച്ചെറിഞ്ഞ് ഉടച്ചുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു






