കാസർഗോഡ്: കുമ്പളയിൽ സ്വതന്ത്രസ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ബാനറുകളും, പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. കുമ്പളഗ്രാമപഞ്ചായത്ത് റെയിൽവേ സ്റ്റേഷൻ പതിനെട്ടാം വാർഡിൽ മത്സരിക്കുന്ന സമീറാ റിയാസിന്റെ ഭർത്താവ് റിയാസ് കരീം ആണ് പൊലീസിൽ പരാതിനൽകിയത്.
സ്വകാര്യ വ്യക്തികളുടെ മതിലുകളിൽ അവരുടെ സമ്മതത്തോടെ സ്ഥാപിച്ച ബാനറുകളും, പോസ്റ്ററുകളുമാണ് നശിപ്പിച്ചത്. ജനാധിപത്യ രീതിയിലും, ചിട്ടയോടെയും, സുതാര്യവുമായും വാർഡിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേർപ്പെടുന്നതിൽ തടസ്സമാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കരീം കുമ്പള പൊലീസിൽ പരാതി നൽകിയത്.
കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയായിരുന്നു റിയാസ് കരീം. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗുമായി ഉടക്കി ഭാര്യ സമീറാ-റിയാസിനെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്കെതിരെ മത്സരരംഗത്തിറക്കുകയായിരുന്നു. യുഡിഎഫിനെതിരെ മത്സരരംഗത്ത് ഉറച്ചു നിന്നതിനാൽ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് റിയാസ് കരീമിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന്സസ്പെൻഡ് ചെയ്‌തിരുന്നു.






