പാലക്കാട്: പാലക്കാട് നഗരസഭയിൽ കോൺഗ്രസ് കൗൺസിലർ മൻസൂർ മണലാഞ്ചേരിയുടെ ഭാര്യ സഫിയ മൻസൂർ സി.പി.എം പിന്തുണയുള്ള സ്ഥാനാർഥിയായി കോൺഗ്രസിനെതിരെ മത്സരരംഗത്ത്.
മുപ്പത്തിയാറാം വാർഡ് തിരുനെല്ലായി വെസ്റ്റിൽ സഫിയ സി.പി.എം പിന്തുണയോടെ ഭാര്യ സംഘടന ‘താങ്ങും തണലും ‘ സ്ഥാനാർത്ഥിയായി മത്സരിക്കും. ഈ നീക്കം മുന്നിൽ കണ്ട സിപിഎം ഇന്നലെ വരെ ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. ദീർഘകാലം കൗൺസിലറായിരുന്ന എ. ചെമ്പകമാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി.
ഈ സീറ്റിൽ തന്റെ ഭാര്യയെ മത്സരിപ്പിക്കണമെന്ന് മൻസൂർ മണലാഞ്ചേരി കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിയതോടെ ഡിസിസി പ്രസിഡന്റിനെ അടക്കം പരോക്ഷമായി വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റും ഇട്ടിരുന്നു. തൊട്ടു പിന്നാലെയാണ് ഭാര്യയെ താങ്ങും തണലും സംഘടനയുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മൻസൂറിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘടനയാണ്’ ‘താങ്ങും തണലും’. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി കൂടിയാണ് മൻസൂർ മണലാഞ്ചേരി.






