കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലാ നഗരസഭയിൽ കോൺഗ്രസ് നേതൃത്വം നാണംകെട്ട ‘അച്ചടക്ക നടപടി’യുമായി രംഗത്ത്. നവംബർ 21-ന് പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും അംഗത്വവും രാജിവച്ച നിലവിലെ കൗൺസിലറും 19-ാം വാർഡിലെ സ്ഥാനാർത്ഥിയുമായ മായാ രാഹുലിനെ നവംബർ 27-ന് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കി കൊണ്ടാണ് കോൺഗ്രസ് നേതാക്കൾ നാടകം കളിച്ചത്. രാഹുലിനെയും ഭർത്താവ് രാഹുൽ പി.എൻ.ആറിനെയും റിബൽ സ്ഥാനാർത്ഥിത്വം ആരോപിച്ച് ഡി.സി.സി. അധ്യക്ഷൻ നാട്ടകം സുരേഷ് ആണ് പുറത്താക്കൽ പ്രഖ്യാപിച്ചത്.
പാർട്ടി വിട്ട് മത്സരം; കോൺഗ്രസ് വാദം പൊളിയുന്നു
2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ 19-ാം വാർഡിൽനിന്ന് വിജയിച്ച മായാ രാഹുൽ, ഇത്തവണ വനിതാ സംവരണ സീറ്റായ 18-ാം വാർഡിൽ മത്സരിക്കണമെന്ന പാർട്ടി നിർദ്ദേശം തള്ളിയിരുന്നു. തുടർന്നാണ് ജനറൽ സീറ്റായ 19-ാം വാർഡിൽ യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാനും ഔദ്യോഗിക സ്ഥാനാർത്ഥിയുമായ പ്രൊഫ. സതീശ് ചൊള്ളാനിക്കെതിരെ മത്സരിക്കാൻ അവർ തീരുമാനിച്ചത്. എന്നാൽ, നവംബർ 21-ന് കോൺഗ്രസ് പാർട്ടി അംഗത്വവും മഹിളാ കോൺഗ്രസിലെ ജില്ലാ ഭാരവാഹിത്വവും രാജിവച്ചതിന് ശേഷമാണ് മായ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഈ സാഹചര്യത്തിൽ ‘റിബൽ സ്ഥാനാർത്ഥി’ എന്ന പ്രയോഗവും ‘പുറത്താക്കി’ എന്ന നടപടിയും യാഥാർത്ഥ്യബോധമില്ലാത്തതും ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമവുമാണെന്നാണ് വിമർശനം.
ജനവികാരം മാനിച്ച് മത്സരം; ഭിന്നതയിൽ പ്രതീക്ഷയർപ്പിച്ച് എൽ.ഡി.എഫ്.
തന്റെ വാർഡിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയും ജനങ്ങളോടൊപ്പം നിൽക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് താൻ മത്സരിക്കുന്നത് എന്ന് മായാ രാഹുൽ വ്യക്തമാക്കി.
യുവത്വത്തിന് അവസരം നൽകേണ്ടത് മുതിർന്ന തലമുറയുടെ കടമയാണെന്നും അവർ അഭിപ്രായപ്പെട്ടു. അതേസമയം, സിറ്റിംഗ് കൗൺസിലർ മത്സരിക്കുമെന്ന നിലപാടെടുത്തിട്ടും സതീശ് ചൊള്ളാനി സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത് കോൺഗ്രസിലെ വോട്ടുകൾ വിഭജിക്കാൻ കാരണമായേക്കും. ഈ ഭിന്നത തങ്ങൾക്ക് അനുകൂലമാവുമെന്നും വിജയം ഉറപ്പിക്കാമെന്നുമാണ് എൽ.ഡി.എഫ്. ക്യാമ്പിലെ പ്രതീക്ഷ.






