കോഴിക്കോട്: തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടി ഹാജിയുടെ ആത്മഹത്യ കേസിൽ കോൺഗ്രസ് നേതാവ് ടി.വി. സുധീർ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ മുൻ പ്രസിഡന്റും മുൻ ഡിസിസി സെക്രട്ടറിയുമാണ് സുധീർ കുമാർ.
മെയ് 29-നാണ് ഇബ്രാഹിം കുട്ടി ഹാജി സുധീർ കുമാറിന്റെ വീട്ടിലെത്തി ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിലുള്ള വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം.
മരണത്തിന് മുമ്പ് റെക്കോർഡ് ചെയ്ത ശബ്ദസന്ദേശത്തിൽ, മുൻ പ്രസിഡന്റ് ടി.വി. സുധീർ കുമാറും നിലവിലെ പ്രസിഡന്റ് ബഷീർ അഹമ്മദുമാണ് മരണത്തിന് ഉത്തരവാദികളെന്ന് ഇബ്രാഹിം കുട്ടി ആരോപിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ സൊസൈറ്റി പ്രസിഡന്റ് ബഷീർ അഹമ്മദ്, ഇബ്രാഹിം കുട്ടിക്ക് നിക്ഷേപത്തുക തിരികെ നൽകാൻ കഴിഞ്ഞില്ലെന്ന് സമ്മതിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം പണം നൽകാൻ സാധിച്ചില്ലെന്നും, ഉടൻ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.












