തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡി അന്വേഷണം ശക്തമാക്കുന്നതിനിടെ പ്രതിഷേധം ശക്തമാക്കാൻ സിപിഎം. കോൺഗ്രസ് ഒഴികെയുള്ള ദേശീയതല പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ പങ്കെടുപ്പിച്ച് കേരളത്തിൽ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടി നീക്കം.
ഇതിന്റെ ഭാഗമായി ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ കേരളത്തിലെത്തിക്കാനും സിപിഎം ശ്രമം തുടങ്ങി. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഡൽഹിയിൽ കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് കെജ്രിവാളിനെ ക്ഷണിച്ചതായാണ് വിവരം.
സിഎംആർഎൽ– എക്സാലോജിക് മാസപ്പടി കേസിൽ സംസ്ഥാന സർക്കാരിന് കത്ത് നൽകി കേസെടുക്കാൻ നിർദേശിച്ചതടക്കമുള്ള നടപടികൾക്കിടെയാണ് സിപിഎമ്മിന്റെ പുതിയ നീക്കം. പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരായ അന്വേഷണ നടപടികൾ ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാക്കളെ പങ്കെടുപ്പിച്ചുള്ള പരിപാടികൾക്ക് സിപിഎം ഒരുങ്ങുന്നത്.
കേന്ദ്ര ഏജൻസികളുടെ നടപടികൾക്കെതിരെ കെജ്രിവാൾ നേരത്തെ ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പങ്കാളിത്തം പാർട്ടിക്ക് സഹായകരമാകുമെന്നാണ് സിപിഎം വിലയിരുത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ന്യൂസ്ക്ലിക്ക് കേസിൽ ഇഡി അറസ്റ്റ് ചെയ്ത പ്രബീർ പുരകായസ്ഥയെയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും സെമിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2024ൽ കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിൽ കെജ്രിവാൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തിരുന്നു.


