പാലക്കാട്: എലപ്പുള്ളിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ നാമ നിർദ്ദേശ പത്രിക സമർപ്പണത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ ശിവകുമാർ ആണ് മരിച്ചത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖല കമ്മിറ്റി അംഗവും പി കെ എസ് വില്ലേജ് കമ്മിറ്റി അംഗവുമാണ് ശിവകുമാർ.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തിങ്കളാഴ്ച എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 19 ൽ പാർട്ടി നിർദ്ദേശിച്ച സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക സമർപ്പണത്തിൽ പ്രവർത്തകരോടൊപ്പം ശിവകുമാറും പങ്കെടുത്തിരുന്നു. ശിവകുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല എന്ന് സുഹൃത്തുക്കളും പ്രാദേശിക നേതാക്കളും പറഞ്ഞു.
കസബ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. അഞ്ചുവർഷമായി സിപിഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയും, വടക്കോട് സ്വകാര്യ ഫാമിൽ സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയും ആയിരുന്നു. പത്ര വിതരണ സഹായിയായി പ്രവർത്തിച്ചിരുന്നു.









