പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ എ. പദ്മകുമാറിനെതിരേ സി.പി.എം നടപടി ആരംഭിച്ചു. പാർട്ടിയിലെ വിവിധ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് പദ്മകുമാറിനെ നീക്കാൻ സംസ്ഥാന സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം പദ്മകുമാറിന് നോട്ടീസ് നൽകി. രജിസ്റ്റർഡ് തപാലിലൂടെയാണ് നോട്ടീസ് അയച്ചത്. നിലവിൽ സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമാണ് പദ്മകുമാർ.
സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പാർട്ടിക്ക് അപകീർത്തി ഉണ്ടാക്കിയതായി ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച മറുപടി വ്യാഴാഴ്ചയ്ക്കകം നൽകണമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യത്തിലിറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പദ്മകുമാറിന് നോട്ടീസ് ലഭിച്ചത്. നോട്ടീസ് നൽകുന്ന കാര്യം ജില്ലാ സെക്രട്ടേറിയറ്റിലോ ജില്ലാ കമ്മിറ്റിയിലോ ചർച്ച ചെയ്തിട്ടില്ലെന്നും സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചതെന്നുമാണ് വിവരം. ആദ്യഘട്ടമായി ജില്ലാകമ്മിറ്റിയിൽനിന്ന് പുറത്താക്കാനാണ് നീക്കം.
സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകളെക്കുറിച്ച് എന്താണ് മറുപടിയെന്നും പാർട്ടിക്ക് ഉണ്ടായ അവമതിപ്പിനെക്കുറിച്ച് വിശദീകരിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വാർത്തകളിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതിനായി സ്വന്തം വാദങ്ങളും അവതരിപ്പിക്കാനാണ് പദ്മകുമാർ തയ്യാറെടുക്കുന്നത്. വ്യാഴാഴ്ച തന്നെ മറുപടി നൽകുമെന്നാണ് വിവരം.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പദ്മകുമാറിന്റെ ബന്ധം തെളിയിക്കുന്ന ചിത്രങ്ങളോ മറ്റ് തെളിവുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ സി.പി.എം. ജില്ലാ സെക്രട്ടറി രാജു എബ്രഹാം, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ പോറ്റിയോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതും പദ്മകുമാർ മറുപടിയിൽ ചൂണ്ടിക്കാണിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ട്. കൊള്ളമുതലിൽ നിന്ന് തനിക്ക് പങ്ക് ലഭിച്ചതിന്റെ തെളിവുകൾ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിക്കുമെന്നാണ് വിവരം.
കേസിൽ പ്രതിയായിട്ടും പദ്മകുമാർ ജില്ലാകമ്മിറ്റിയിൽ തുടരുന്നതിനെതിരെ പാർട്ടി പ്രതിരോധത്തിലായിരുന്നു. കുറ്റപത്രം വരട്ടെയെന്ന നിലപാടായിരുന്നു ഇതുവരെ സംസ്ഥാന നേതൃത്വത്തിനുണ്ടായിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വിഷയം വീണ്ടും ചർച്ചയാകാമെന്ന വിലയിരുത്തലിനെ തുടർന്നാണ് സംസ്ഥാന നേതൃത്വം ഇടപെട്ടതെന്നാണ് സൂചന. ഇതിനിടെ ജില്ലാകമ്മിറ്റിയിൽനിന്ന് നീക്കുന്നതിന്റെ ഭാഗമായി പദ്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽനിന്ന് ഒഴിവാക്കിയതായും റിപ്പോർട്ടുണ്ട്.






