തിരുവനന്തപുരം: എ.എ. റഹീം എം.പിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാൻ സി.പി.എം. ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ സെക്രട്ടറി വി. ജോയിയെ വർക്കലയിൽ മത്സരിപ്പിക്കാൻ വേണ്ടിയാണ് ഈ നേതൃമാറ്റം.
വർക്കല എം.എൽ.എയായ ജോയിയെ മാറ്റി നിർത്തിയാൽ മണ്ഡലത്തിലെ വിജയസാധ്യതയെ കുറിച്ച് പാർട്ടിക്കുള്ളിൽ ആശങ്ക ഉയർന്നിരുന്നു. തുടർഭരണം ലക്ഷ്യമിട്ട് വിജയത്തിന് മുൻഗണന നൽകാനാണ് സി.പി.എം. തീരുമാനം. അതിന്റെ ഭാഗമായാണ് ജോയിയെ വീണ്ടും തിരഞ്ഞെടുപ്പ് രംഗത്തിറക്കുന്നത്.
ഇതിനോടൊപ്പം, എ.എ. റഹീമിന് ജില്ലാ സെക്രട്ടറിയുടെ ചുമതല ഏൽപ്പിക്കാനും പാർട്ടി തീരുമാനിച്ചു. നിലവിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റാണ് റഹീം. തിരുവനന്തപുരം ജില്ലയിൽ നിലനിൽക്കുന്ന വിഭാഗീയതയ്ക്കിടയിൽ ഇരുവിഭാഗത്തിനും സ്വീകാര്യനായ നേതാവാണ് റഹീമെന്ന വിലയിരുത്തലാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.






