തൃശ്ശൂർ : തൃശൂരിന്റെ സമഗ്ര വികസനത്തിന് വേഗം കൂട്ടുന്നതിനായി ജനപ്രതിനിധി സുരേഷ് ഗോപി ഇന്ന് ഡൽഹിയിൽ മൂന്ന് പ്രധാന കേന്ദ്രമന്ത്രിമാരുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തി.
‘വികസിത തൃശൂർ മാനിഫെസ്റ്റോ’ ഓരോ മന്ത്രിക്കും നേരിട്ട് കൈമാറി ജില്ലയിൽ നടപ്പാക്കാനിരിക്കുന്ന അടിസ്ഥാന സൗകര്യ വികസനം, ഗ്രാമവികസനം, നഗരവികസനം, സംരംഭകത്വം തുടങ്ങിയ വിവിധ പദ്ധതികൾക്ക് കേന്ദ്രതലത്തിൽ മുൻഗണനയും പിന്തുണയും ഉറപ്പാക്കുകയായിരുന്നു ഈ സന്ദർശനത്തിന്റെ ലക്ഷ്യം. ധനകാര്യവും കോർപ്പറേറ്റ് കാര്യങ്ങളും കൈകാര്യം ചെയ്യുന്ന നിർമല സീതാരാമൻ ജിക്ക് മാനിഫെസ്റ്റോ സമർപ്പിച്ചപ്പോൾ തൃശൂരിലെ വലിയ അടിസ്ഥാന സൗകര്യ പദ്ധതികൾക്കും സംരംഭകത്വ പ്രോത്സാഹന പരിപാടികൾക്കും ആവശ്യമായ കേന്ദ്ര ഫണ്ടിംഗും സാമ്പത്തിക സഹായങ്ങളും ഉറപ്പ് വരുത്തുന്നതിനുള്ള ചർച്ച നടന്നു.
തുടർന്ന് കൃഷി, കർഷകക്ഷേമം, ഗ്രാമവികസനം എന്നീ വകുപ്പുകളുടെ മന്ത്രിയായ ശിവരാജ് സിംഗ് ചൗഹാൻ ജിയുമായി നടന്ന കൂടിക്കാഴ്ചയിൽ മണ്ഡലത്തിലെ ഗ്രാമങ്ങളുടെ വികസന ആവശ്യങ്ങൾ വിശദമായി അവതരിപ്പിച്ചു. “ഞാൻ തൃശൂരിലെ ജനങ്ങളൊപ്പമുണ്ട്” എന്ന മന്ത്രിയുടെ വാക്കുകൾ ഗ്രാമവികസന പദ്ധതികൾക്ക് ശക്തമായ പിന്തുണ ലഭിക്കുമെന്നുറപ്പാക്കി.
ഭവന, നഗരകാര്യ, ഊർജ്ജ വകുപ്പുകളുടെ മന്ത്രിയായ മനോഹർ ലാൽ ജിക്കും മാനിഫെസ്റ്റോ കൈമാറി. നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, ഭവന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ, ജില്ലയിലുടനീളം വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തൽ തുടങ്ങിയ നിർണ്ണായക മേഖലകളിൽ കേന്ദ്രസഹായം ലഭ്യമാക്കുക എന്നതായിരുന്നു ചർച്ചയുടെ മുഖ്യ ലക്ഷ്യം
.മൂന്ന് മന്ത്രിമാരുമായുള്ള ഈ കൂടിക്കാഴ്ചകൾ തൃശൂരിന്റെ വികസനരേഖയ്ക്ക് കേന്ദ്രതലത്തിൽ ഉയർന്ന പരിഗണന ലഭിച്ചതിന്റെ തെളിവാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ജില്ലയുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ വികസനം എത്തിക്കുന്നതിന് ആവശ്യമായ തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.






