ഭോപ്പാൽ: മധ്യപ്രദേശിലെ ബർഗി ഡാമിന് സമീപം നർമദ നദിയിൽ ക്രൂയിസ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അമ്മയുടെയും നാല് വയസ്സുള്ള മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. വ്യാഴാഴ്ച ഉണ്ടായ അപകടത്തിന് പിന്നാലെ വെള്ളിയാഴ്ച രാവിലെയാണ് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെത്തിയത്.
കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നെഞ്ചോട് ചേർത്ത് പിടിച്ച നിലയിലായിരുന്നു അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ഡൽഹിയിൽ നിന്നെത്തിയ നാലംഗ വിനോദസഞ്ചാരികളുടെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പിതാവും മകളും രക്ഷപ്പെട്ടു.
ഇതുവരെ ഒമ്പത് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. “എന്താണ് സംഭവിച്ചതെന്ന് ആരും മനസ്സിലായില്ല. എല്ലായിടത്തും നിലവിളികളായിരുന്നു. ബോട്ട് മുങ്ങിക്കൊണ്ടിരിക്കെ ആളുകൾ സഹായത്തിനായി വിളിച്ചു,” എന്ന് രക്ഷപ്പെട്ട ഒരാൾ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ വരെ 24 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവരിൽ 17 പേർ ചികിത്സയിലാണ്. അഞ്ച് കുട്ടികളടക്കം ഒമ്പത് പേരെ ഇനിയും കണ്ടെത്താനുണ്ട്.
പൊലീസും ജില്ലാ ഭരണകൂടവും സംസ്ഥാന ദുരന്തനിവാരണ സേനയും ചേർന്ന് തിരച്ചിൽ തുടരുന്നു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ബോട്ട് ക്യാപ്റ്റൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായും വിവരം.




