വാഷിംഗ്ടൺ: അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് സ്കൂളുകളും സർവകലാശാലകളും ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. പ്രമുഖ വിദ്യാഭ്യാസ സോഫ്റ്റ്‌വെയറായ ‘കാൻവാസ്’ ഹാക്ക് ചെയ്യപ്പെട്ടതോടെ ഏകദേശം 9,000-ത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം തകരാറിലായി.
സെമസ്റ്റർ പരീക്ഷകളും അവസാന ഘട്ട മൂല്യനിർണയങ്ങളും നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇതോടെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പഠനവും പരീക്ഷാ നടപടികളും ബാധിക്കപ്പെട്ടു.
‘ഷൈനി ഹണ്ടേഴ്‌സ്’ എന്ന ഹാക്കിങ് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. കാൻവാസിന്റെ മാതൃകമ്പനിയായ ‘ഇൻസ്ട്രക്ചർ’ ഹാക്ക് ചെയ്തതായും ബിറ്റ്കോയിൻ രൂപത്തിൽ മോചനദ്രവ്യം നൽകിയില്ലെങ്കിൽ വിദ്യാർഥികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ പുറത്തുവിടുമെന്നും സംഘം ഭീഷണിപ്പെടുത്തി.
പരീക്ഷയ്ക്കിടെ തന്നെ ചില വിദ്യാർത്ഥികളുടെ സ്ക്രീനുകളിൽ ഹാക്കർമാരുടെ സന്ദേശം പ്രത്യക്ഷപ്പെട്ടത് വലിയ ആശങ്ക സൃഷ്ടിച്ചു. ഇതിനെ തുടർന്ന് മിസിസിപ്പി സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഇഡാഹോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവ പരീക്ഷകൾ മാറ്റിവെച്ചു.
ഓസ്‌ട്രേലിയയിലെ സിഡ്‌നി യൂണിവേഴ്സിറ്റി, കാനഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റി, യുഎസ്എയിലെ യുസിഎൽഎ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളും പ്രതിസന്ധിയിലായിട്ടുണ്ട്. സോഫ്റ്റ്‌വെയർ ഭാഗികമായി പുനഃസ്ഥാപിച്ചതായി കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും പലിടങ്ങളിലും സാങ്കേതിക തടസ്സങ്ങൾ തുടരുന്നു.സംശയാസ്പദമായ സന്ദേശങ്ങൾക്കു പ്രതികരിക്കരുതെന്ന് വിദ്യാർത്ഥികൾക്ക് സർവകലാശാലകൾ നിർദ്ദേശം നൽകി.




