ശ്രീലങ്ക: മനുഷ്യ അസ്ഥികളിൽനിന്ന് നിർമിച്ച മാരകമായ രാസലഹരിയുമായി യുവതി പിടിയിൽ. ഏകദേശം 45 കിലോഗ്രാം ലഹരിമരുന്നുമായി മുൻ എയർഹോസ്റ്റസും ലണ്ടൻ സ്വദേശിനിയുമായ ഷാർലറ്റ് മെയ് ലീ (21) ആണ് കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തിൽ അറസ്റ്റിലായത്. ഏകദേശം 28 കോടി രൂപ വിലമതിക്കുന്ന വെസ്റ്റ് ആഫ്രിക്കയിൽ നിർമിക്കുന്ന ‘കുഷ്’ എന്ന ലഹരിമരുന്ന് നിറച്ച സ്യൂട്ട്കേസുകളുമായാണ് ഷാർലറ്റ് പിടിയിലായത്.
ലോകത്താകെ നടന്നതിലെ ഏറ്റവും വലിയ ‘കുഷ് വേട്ട’ ആണ് ഇതെന്ന് ശ്രീലങ്കൻ കസ്റ്റംസ് നർക്കോട്ടിക് കൺട്രോൾ യൂണിറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. തായ്ലൻഡിൽ ജോലി ചെയ്യുകയായിരുന്ന യുവതി വീസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിൽ എത്തിയപ്പോഴാണ് പിടിയിലായത്. എന്നാൽ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും ലഹരിമരുന്ന് മുൻപ് കണ്ടിട്ടില്ലെന്നും ഷാർലറ്റ് പറഞ്ഞു. തന്റെ സ്യൂട്ട്കേസിൽ ലഹരിമരുന്ന് വച്ചത് ആരാണെന്ന് അറിയാമെന്നും എന്നാൽ അതു പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.
‘കുഷ്’ എന്ന് വിളിക്കപ്പെടുന്ന ഈ ലഹരിമരുന്ന്, വിവിധതരം വിഷവസ്തുക്കളിൽ നിന്നാണ് നിർമിക്കുന്നത്. പൊടിച്ച മനുഷ്യ അസ്ഥിയാണ് പ്രധാന ചേരുവകളിലൊന്ന്. ഏഴു വർഷം മുൻപ് വെസ്റ്റ് ആഫ്രിക്കയിലാണ് ഈ ലഹരിമരുന്ന് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇത് ഉപയോഗിക്കുന്നവർ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഹിപ്നോട്ടിക് അവസ്ഥയിലൂടെ കടന്നു പോകും. ലഹരിമരുന്ന് ഉണ്ടാക്കുന്നതിനായി സെമിത്തേരികളിൽ നിന്ന് അസ്ഥികൂടങ്ങൾ മോഷ്ടിക്കുന്ന സംഭവവും വ്യാപകമായിരുന്നു. അതേസമയം കൊളംബോയിലെ ജയിലിലേക്ക് മാറ്റിയ ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഷാർലറ്റ് ചെയ്തിരിക്കുന്നത്.






