മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 3 ഡി ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 25 ക്രിസ്മസിന് ചിത്രം തീയറ്ററുകളിൽ എത്തും. റിലീസ് തീയതി കഴിഞ്ഞദിവസം സംവിധായകൻ ഫാസിലാണ് പ്രഖ്യാപിച്ചത്.
മോഹൻലാൽ എന്ന 19 കാരൻ നടനെ താൻ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസായത് ഒരു ഡിസംബർ 25-നാണെന്ന് ഓർക്കുകയാണ് ഫാസിൽ. പിന്നീട് മോഹൻലാലിനെ വെച്ച് സംവിധാനംചെയ്ത മണിചിത്രത്താഴും റിലീസായത് മറ്റൊരു ഡിസംബർ 25-നാണെന്നും ഇത് ദൈവനിശ്ചയമാണെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. ഗുരു സോമസുന്ദരം, പൃഥ്വിരാജ് സുകുമാരൻ,സാറ വേഗ,തുഹിൻ മേനോൻ തുടങ്ങിയവർ ബറോസില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്. ഒരു അതുല്യ കലാസൃഷ്ടിയായിരിക്കും ചിത്രമെന്നും ആഗോള ഹിറ്റായി ചിത്രം മാറുമെന്നും റിലീസ് പ്രഖ്യാപിച്ച് ഫാസില്‍ പറഞ്ഞു. ‘ബറോസ് ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’ എന്ന നോവലിനെ ആസ്പദമാക്കി ജിജോ പുന്നൂസാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹണം.




