തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. യുഡിഎഫ് പ്രവർത്തകരെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുന്നുവെന്നും ഇത്തരം അജണ്ടകളെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ ഒരു നേതാവും മുഖ്യമന്ത്രി സ്ഥാനത്തിനായി മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള ചർച്ചകളോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
യുഡിഎഫിന്റെ ഐക്യം തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് സണ്ണി ജോസഫ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും യുഡിഎഫ് തന്റെ കെട്ടുറപ്പ് തെളിയിച്ചിട്ടുണ്ടെന്നും ഒരു ബാഹ്യശക്തിക്കും അത് തകർക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുള്ള യുഡിഎഫിനുള്ളിൽ ഭിന്നതയുണ്ടെന്ന ധാരണ സൃഷ്ടിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.




