മാതാപിതാക്കൾ വിവാഹമോചനംനേടി വേർപിരിഞ്ഞാലും ഭൂരിഭാഗം കുട്ടികൾക്കും അവരോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് പഠനം. കൂടാതെ മാതാപിതാക്കളുടെ വിവാഹമോചനം മക്കളിൽ ദു:ഖം, ഭയം, കോപം, ഉത്കണ്ഠ, ആശയഅവ്യക്തത തുടങ്ങിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ട്.
വിവാഹമോചനക്കേസിൽപ്പെട്ടവരുടെ കുട്ടികളുടെ പ്രശ്നങ്ങളെപ്പറ്റി സംസ്ഥാന ബാലാവകാശ കമ്മിഷന്റെ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. ഈ റിപ്പോർട്ട് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ കുടുംബകോടതികളിൽ പ്രാഥമിക പഠനം നടത്തുകയും തുടർന്ന് എല്ലാ ജില്ലകളിലെയും കോടതികൾ കമ്മിഷൻ ജീവനക്കാർ നേരിട്ട് സന്ദർശിച്ചുമാണ് പഠനം പൂർത്തിയാക്കിയത്.
കോടതി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് എത്തുന്ന കുട്ടികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്നത് കടുത്ത മാനസിക, ശാരീരിക സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നതായും പഠനം വ്യക്തമാക്കുന്നു. സംസ്ഥാനത്ത 35 കുടുംബ കോടതികളിലെയും ശിശു സൗഹൃദ അന്തരീക്ഷവും കമ്മിഷൻ പഠന വിധേയമാക്കിയിട്ടുണ്ട്.
തങ്ങളുടെ പ്രയാസങ്ങൾ ആരോടെങ്കിലും പറയണമെന്ന് ആഗ്രഹിക്കുന്നവരാണ് 60 ശതമാനം കുട്ടികളും, അതുകൊണ്ട് തന്നെ കുട്ടികളെ കേൾക്കാനും മാനസികപിന്തുണ നൽകികാനും ചൈൽഡ് സൈക്കോളജിസ്റ്റുകൾ കുടുംബകോടതികളിൽ വേണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.






