ബാംഗ്ലൂർ : ബംഗളൂരുവിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിലെ പ്രശ്നങ്ങൾ 70 ശതമാനവും പരിഹരിച്ചതായി ഡി കെ ശിവകുമാർ .ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ ആസ്ഥാനത്തെ വാർ റൂമിൽ നിന്ന് മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം . കൂടാതെ വെള്ളപ്പൊക്കത്തിനും കൊടുങ്കാറ്റ് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു.
“166 പ്രദേശങ്ങളിലെ പ്രശ്നങ്ങൾ ഇതിനകം പരിഹരിച്ചു. 44 പ്രദേശങ്ങളിലെ പണി ഇപ്പോഴും തീർപ്പാക്കിയിട്ടില്ല, അതിൽ 24 എണ്ണത്തിലെ പണി പുരോഗമിക്കുന്നു എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ഹെബ്ബാളിനപ്പുറം സിൽക്ക് ബോർഡ് ജംഗ്ഷൻ, യെലഹങ്ക തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ പെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.കൂടാതെ ബാംഗ്ലൂരുവിന്റെ ചില സ്ഥലങ്ങളിൽ അണ്ടർപാസ് പണി നടക്കുന്നതിനാൽ ഇത് വെള്ളം കെട്ടിനിൽക്കുന്നതിനും അസൗകര്യത്തിനും കാരണമാകുന്നുണ്ടെന്നും അതിനാൽ, ബന്ധപ്പെട്ട വകുപ്പുകളുമായി ഞങ്ങൾ ഏകോപിപ്പിച്ച് പ്രവൃത്തികൾ നടത്തും എന്നും ശിവകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.




