ഇന്നത്തെ കാലത്ത് ചെറുപ്പക്കാരടക്കം ലൈംഗിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ജീവിത ശൈലിയിലെ മാറ്റമാണ് പ്രധാന കാരണം. ഒരാളുടെ ശ്രദ്ധ, പെരുമാറ്റം, ആത്മനിയന്ത്രണം, വൈകാരിക പ്രതികരണങ്ങൾ എന്നിവയെ എല്ലാം ബാധിക്കുന്ന നാഡീവ്യൂഹപരമായ തകരാറാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹെപ്പർആക്ടീവിറ്റി ഡിസോഡർ (എഡിഎച്ച്‌ഡി). എന്നാൽ എഡിഎച്ച്‌ഡി വ്യക്തികളുടെ ലൈംഗിക ജീവിതത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കാമെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാല, ടോറന്റോ മെട്രോപൊളിറ്റൻ സർവകലാശാല, കാൽഗറി സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ ചേർന്നാണ് 943 പേരിൽ പഠനം നടത്തിയത്. ഇവരിൽ 106 പേർക്ക് എഡിഎച്ച്‌ഡി ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഇവരുടെ പ്രതികരണങ്ങളിൽ നിന്ന് എഡിഎച്ച്‌ഡി ഉള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ലൈംഗിക ബന്ധത്തിൽ പല പ്രശ്‌നങ്ങൾ ഉണ്ടാകാമെന്ന് ഗവേഷകർ നിരീക്ഷിച്ചു.
താത്‌പര്യം, ലൈംഗിക ഉണർവ്, ലൈംഗിക ബന്ധത്തിനായി ശരീരം തയ്യാറെടുക്കൽ പോലുള്ള തുടക്ക ഘട്ടങ്ങളിൽ എഡിഎച്ച്‌ഡിക്കാർക്കും വലിയ പ്രശ്‌നങ്ങൾ കണ്ടെത്തിയില്ല. എന്നാൽ രതിമൂർച്ഛയുടെ ഘട്ടത്തിലാണ് രോഗം വില്ലനാകുന്നതെന്നും റിപ്പോർട്ട് പറയുന്നു. മുതിർന്നവരെ അപേക്ഷിച്ച് ചെറുപ്പക്കാരായ എഡിഎച്ച്‌ഡിക്കാരിലാണ് ഈ പ്രശ്‌നം കൂടുതലായി കാണപ്പെട്ടത്. പ്രായം കൂടും തോറും ഇതിന്റെ തീവ്രത കുറയുന്നതായി സ്‌പ്രിംഗർ നേച്ചറിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.





