പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വത്സനായി പൊലീസ് വ്യാപക തിരച്ചിൽ തുടരുന്നു.
പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളിലാണ് അന്വേഷണം നടത്തുന്നത്. പ്രതിയുടെ സുഹൃത്തുക്കളെയും സഹായികളെയും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പരാതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്ത് അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നതാണ് അതിജീവിത നൽകിയ പരാതിയിൽ പറയുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
മണ്ണാർക്കാട് എസ്.സി/എസ്.ടി പ്രത്യേക കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും നിലവിൽ ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്ന നിർദ്ദേശവും പൊലീസ് വീണ്ടും ആവർത്തിച്ചു.





