മുംബൈ: പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കാത്തതും ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും ഇന്ത്യൻ രൂപയെ റെക്കോർഡ് ഇടിവിലേക്ക് എത്തിച്ചിരിക്കുകയാണ്. ഡോളറിനെതിരെ 47 പൈസയുടെ ഇടിവോടെ രൂപയുടെ മൂല്യം 95.73 എന്ന നിലവാരത്തിലേക്ക് താഴ്ന്നു. ഇതോടെ രാജ്യത്തെ വിലക്കയറ്റും കൂടുതൽ രൂക്ഷമാകും.
വിദേശ വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും ഇന്ത്യൻ രൂപയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നത് ആഗോളതലത്തിൽ സാമ്പത്തിക ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ അമേരിക്കൻ ഡോളറിലേക്ക് തിരിഞ്ഞതാണ് രൂപയുടെ മൂല്യം ഇടിയാൻ പ്രധാന കാരണം. ക്രൂഡ് ഓയിലിന്റെ ആഗോള വില ഉയരുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കുന്നു. ഇത് കറന്റ് അക്കൗണ്ട് കമ്മി ഉയർത്തുമെന്ന ആശങ്ക വിപണിയിലുണ്ട്.






