തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന തിരക്കിനിടെ ലഹരിക്കടത്തിന് ശ്രമിച്ച പ്രധാന വിതരണക്കാരനെ ചടയമംഗലം എക്സൈസ് സംഘം പിടികൂടി. വർക്കല മടവൂർ സ്വദേശിയായ തൻസീർ എച്ച് (43) ആണ് പിടിയിലായത്.
നിലമേൽ വില്ലേജിലെ കണ്ണങ്കോട് ജംഗ്ഷനിൽ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് ഏകദേശം 20 ഗ്രാം എംഡിഎംഎ കണ്ടെത്തി. വിപണിയിൽ ഏകദേശം ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണിത്. എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബംഗളൂരുവിൽ നിന്ന് വൻതോതിൽ എംഡിഎംഎ ശേഖരിച്ച് നാട്ടിലേക്ക് എത്തിച്ച് വിതരണം ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതി. നൈറ്റ് സർവീസ് ബസുകളിലൂടെ ലഹരിമരുന്ന് കടത്തുന്നതായി എക്സൈസ് കണ്ടെത്തി. ഇത്തവണയും ബംഗളൂരുവിൽ നിന്ന് മടങ്ങിയെത്തുന്നതിനിടെയാണ് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഇയാൾ പിടിയിലായത്.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ പൊലീസ്, എക്സൈസ് വകുപ്പുകൾ തിരക്കിലായിരിക്കുമെന്ന് കണക്കാക്കി വലിയ അളവിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ചതായും അധികൃതർ വ്യക്തമാക്കി. പ്രതിയുമായി ബന്ധപ്പെട്ട ലഹരി ശൃംഖലയെ കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
അറസ്റ്റിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെ കണ്ടെത്താൻ എക്സൈസ് സംഘം അന്വേഷണം ശക്തമാക്കി.




