നൈജീരിയയിൽ സ്ഥിരീകരിച്ച എബോള രോഗബാധയ്ക്ക് പിന്നിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വ്യാപനത്തിന് കാരണമായ ബൂൻഡിബുഗ്യോ വൈറസാണെന്ന് സ്ഥിരീകരണം. നൈജീരിയയിൽ നിന്നുള്ള വനിതാ നയതന്ത്രജ്ഞയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. എബോള ബാധ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യമാണ് നൈജീരിയ.
ഒക്ടോബർ മൂന്നിന് ഉഗാണ്ടയിൽനിന്ന് നൈജീരിയൻ തലസ്ഥാനമായ അബുജയിലേക്ക് യാത്ര ചെയ്ത സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് നൈജീരിയൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. രോഗിയുടെ നില ഗുരുതരമായി തുടരുകയാണെന്നും ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം തകരാറിലായെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗിയുമായി സമ്പർക്കം പുലർത്തിയ 44 പേരെ കണ്ടെത്തി നിരീക്ഷിച്ചുവരികയാണ്. ബൂൻഡിബുഗ്യോ വകഭേദമാണ് സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു. ഈ വകഭേദത്തിനെതിരെ നിലവിൽ അംഗീകൃത വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല.
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ഒക്ടോബർ ആറുമുതൽ ഒൻപത് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം ഗുരുതരമായി തുടരുകയാണ്. ഇവിടെ രോഗബാധിതരുടെ എണ്ണം 9,000 കടന്നതായും മരണസംഖ്യ 4,300-ലധികമായതായും ആരോഗ്യവകുപ്പ് അറിയിച്ചു.
കോംഗോയിൽ മരണനിരക്ക് 50 ശതമാനമായി ഉയരുന്നുവെന്നും സ്ഥിതി അതീവ ഗുരുതരമായ ആരോഗ്യഭീഷണിയായി മാറിയെന്നും ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ജനറൽ ജീൻ കസേയ മുന്നറിയിപ്പ് നൽകി. ആഫ്രിക്കയിലെ മൂന്ന് മേഖലകളിലായി നിരവധി രാജ്യങ്ങളെ വൈറസ് ബാധിച്ചിട്ടുണ്ടെന്നും അടിയന്തര അന്താരാഷ്ട്ര ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചരിത്രത്തിലെ ഏറ്റവും വലിയ എബോള വ്യാപനമായ 2014–2016 കാലത്തെ പടിഞ്ഞാറൻ ആഫ്രിക്കൻ വ്യാപനത്തേക്കാൾ ഗുരുതരമായ സാഹചര്യം നിലവിലുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. അന്നത്തെ വ്യാപനത്തിൽ 28,000 കേസുകൾ സ്ഥിരീകരിക്കുകയും 11,000-ത്തിലധികം പേർ മരിക്കുകയും ചെയ്തിരുന്നു. നിലവിലെ വ്യാപനത്തിലും ചുരുങ്ങിയ കാലയളവിനുള്ളിൽ മരണസംഖ്യ ഉയർന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
വ്യാപനത്തിന്റെ ഏറ്റവും മോശം ഘട്ടം ഇനിയും എത്തിയിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ ആശങ്ക. നിരീക്ഷണത്തിലുള്ള സമ്പർക്കപ്പട്ടികകൾക്ക് പുറത്തുനിന്നും പുതിയ രോഗബാധകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് രോഗവ്യാപനം നിയന്ത്രിക്കുന്നതിലെ വെല്ലുവിളി വർധിപ്പിക്കുന്നു.
2013 ഡിസംബറിലാണ് പടിഞ്ഞാറൻ ആഫ്രിക്കയിലെ എബോള വ്യാപനത്തിന്റെ ആദ്യ കേസ് രേഖപ്പെടുത്തിയത്. എന്നാൽ 2014 മാർച്ചോടെയാണ് വ്യാപനത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. മൂന്നുവർഷത്തോളം നീണ്ടുനിന്ന വ്യാപനം 2016 ജൂണിൽ അവസാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
എങ്ങനെയാണ് എബോള പകരുന്നത്?
എബോള ഒരു വൈറസ് രോഗമാണ്. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തം, വിസർജ്യങ്ങൾ, മറ്റ് ശരീരസ്രവങ്ങൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. രോഗബാധയുള്ള ചില മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് വൈറസ് പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻപന്നികൾ, പന്നികൾ തുടങ്ങിയ മൃഗങ്ങളുമായി ബന്ധപ്പെട്ട സമ്പർക്കവും രോഗബാധയുള്ള മൃഗങ്ങളുടെ മാംസം സുരക്ഷിതമായി കൈകാര്യം ചെയ്യാതിരിക്കുന്നതും അപകടസാധ്യത വർധിപ്പിക്കാം.
രോഗലക്ഷണങ്ങൾ എന്തെല്ലാം?
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടു മുതൽ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയാണ് ആദ്യഘട്ടത്തിൽ സാധാരണയായി കാണപ്പെടുന്നത്. ഛർദി, വയറിളക്കം, തൊലിയിലെ തിണർപ്പ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.
ചിലരിൽ രോഗം ഗുരുതരമാകുകയും ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവം ഉണ്ടാകുകയും ചെയ്യാം. കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുന്നതും മരണത്തിലേക്ക് നയിച്ചേക്കാം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുകയും രോഗസാധ്യതയുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുകയും വേണം.
എബോളയെ എങ്ങനെ പ്രതിരോധിക്കാം?
രോഗവ്യാപനം തടയുകയാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധമാർഗം. രോഗബാധിതരുടെ രക്തം, വിസർജ്യങ്ങൾ, മറ്റ് ശരീരസ്രവങ്ങൾ എന്നിവയുമായി നേരിട്ട് സമ്പർക്കം ഒഴിവാക്കണം. രോഗബാധിതരെയോ മരിച്ചവരെയോ കൈകാര്യം ചെയ്യുമ്പോൾ ആവശ്യമായ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.
രോഗം സംശയിക്കുന്നവരെ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിച്ച് പ്രത്യേക പരിചരണ സംവിധാനങ്ങളിലേക്ക് മാറ്റണം. സമ്പർക്കത്തിലായവരെ കണ്ടെത്തി നിരീക്ഷിക്കുന്നതും രോഗവ്യാപനം നിയന്ത്രിക്കാൻ നിർണായകമാണ്.
എബോള വായുവിലൂടെയോ സാധാരണ കുടിവെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ പതിവായി പകരുന്ന രോഗമല്ല. രോഗബാധിതരുമായി സുരക്ഷിതമായ അകലം പാലിക്കുകയും ശരിയായ ശുചിത്വവും ആരോഗ്യപരമായ മുൻകരുതലുകളും സ്വീകരിക്കുകയും ചെയ്യുന്നത് രോഗവ്യാപനസാധ്യത കുറയ്ക്കാൻ സഹായിക്കും.


