ദുബായ്: യുഎഇയിലെ സ്കൂളുകളിൽ മൂന്നാം അധ്യയന പാദത്തിലെ മിഡ്-ടേം അവധി പ്രഖ്യാപിച്ചു. ബലിപെരുന്നാൾ അവധിയോടനുബന്ധിച്ച് മെയ് 25 മുതൽ 29 വരെ ക്ലാസുകൾ ഉണ്ടായിരിക്കില്ലയുഎഇയിലെ സ്കൂളുകളിൽ മൂന്നാം അധ്യയന പാദത്തിലെ മിഡ്-ടേം അവധി പ്രഖ്യാപിച്ചു. ബലിപെരുന്നാൾ അവധിയോടനുബന്ധിച്ച് മെയ് 25 മുതൽ 29 വരെ ക്ലാസുകൾ ഉണ്ടായിരിക്കില്ല.
ശനി, ഞായർ വാരാന്ത്യ അവധികളും ചേർന്നതോടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭരണ ജീവനക്കാർക്കും ആകെ ഒമ്പത് ദിവസത്തെ ഇടവേള ലഭിക്കും. ജൂൺ 1ന് ക്ലാസുകൾ വീണ്ടും ആരംഭിക്കും.
ജൂൺ 15, 16 തീയതികളിൽ മോക്ക് പരീക്ഷകൾ നടക്കും. അന്തിമ പരീക്ഷയ്ക്ക് മുമ്പ് വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനാണ് ഇത് നടത്തുന്നത്. ജൂൺ 17ന് ഇസ്‌ലാമിക കലണ്ടർ പ്രകാരമുള്ള ഹിജ്‌റ പുതുവർഷ അവധിയും ഉണ്ടായിരിക്കും.
ജൂൺ 24 മുതൽ ജൂലൈ 3 വരെ വാർഷിക പരീക്ഷകൾ നടക്കും. അധ്യയന വർഷത്തിലെ പ്രധാന ഘട്ടമായതിനാൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കായി സജ്ജമാക്കാൻ ആവശ്യമായ പിന്തുണ നൽകണമെന്ന് വിദ്യാഭ്യാസ അധികാരികൾ സ്കൂളുകൾക്ക് നിർദേശം നൽകി.




