ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിനെതിരെ ഗുരുതര ആരോപണവുമായി സ്വാതി മലിവാൾ എംപി രംഗത്ത്. മുഖ്യമന്ത്രി നിയമസഭയിൽ മദ്യലഹരിയിൽ എത്തിയതായാണ് സ്വാതി മലിവാൾ ആരോപിച്ചത്. സഭയിൽ മൻ സംസാരിക്കുന്ന വീഡിയോ എക്സിൽ പങ്കുവെച്ചുകൊണ്ടാണ് അവൾ ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ പരിശോധന നടത്തണമെന്നും ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും അവൾ ആവശ്യപ്പെട്ടു.
പഞ്ചാബ് നിയമസഭ പോലെയുള്ള പ്രധാന വേദിയിൽ പോലും മദ്യലഹരിയിൽ പങ്കെടുക്കുന്നുവെന്നും, ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും പോലും മദ്യപിച്ചാണ് പോകുന്നതെന്നും സ്വാതി മലിവാൾ ആരോപിച്ചു. സർക്കാർ യോഗങ്ങളിലും മദ്യലഹരിയിലാണെന്ന് സ്വാതി പറഞ്ഞു. കൂടാതെ, മദ്യപിച്ചതിനെ തുടർന്ന് വിമാനത്തിൽ നിന്ന് ഇറക്കിവിട്ട സംഭവവും ഉണ്ടായിട്ടുണ്ടെന്നും അവൾ ആരോപിച്ചു. മുൻപ് എഎപി രാജ്യസഭാംഗമായിരുന്ന സ്വാതി മലിവാൾ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് എഎപി മുഖ്യമന്ത്രിക്കെതിരെ ഈ ആരോപണങ്ങളുമായി അവർ രംഗത്തെത്തിയത്.






