മുംബൈ: ഒടുവിൽ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് മലയാളി താരം സഞ്ജു സാംസന്റെ തിരിച്ചുവരവിന് സാധ്യതകൾ തെളിയുന്നു. ഇക്കാര്യം ബിസിസിഐ ആലോചിക്കുന്നതായി റിപ്പോർട്ട്. ഐപിഎലിന് ശേഷം വരുന്ന പരമ്പരകളിൽ രണ്ടാം വിക്കറ്റ് കീപ്പറായി, ഋഷഭ് പന്തിന് പകരക്കാരനായാണ് സഞ്ജു പരിഗണനയിലുള്ളത്. ട്വന്റി20 ലോകകപ്പിലെയും ഐപിഎലിലെയും മികച്ച പ്രകടനം പരിഗണിച്ചാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി സഞ്ജുവിന് അവസരം നൽകാൻ ഒരുങ്ങുന്നത്. രണ്ടര വർഷം മുമ്പാണ് സഞ്ജു അവസാനമായി ഏകദിനം കളിച്ചത്.
2027ൽ ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, നമീബിയ എന്നിവടങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് ടീമിനെ ഒരുക്കുന്നത്. ഇതിന് മുന്നോടിയായി അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, വെസ്റ്റിൻഡീസ് എന്നിവർക്കെതിരെ ഉൾപ്പെടെ 20 ഏകദിന മത്സരങ്ങൾ ഇന്ത്യ കളിക്കും. ഈ ടീമുകളിലേക്കാണ് സഞ്ജുവിനെ പരിഗണിക്കുന്നത്. ഇഷാൻ കിഷൻ, ധ്രുവ് ജുറൽ എന്നിവരും പരിഗണനയിലുണ്ടെങ്കിലും നിലവിലെ പ്രകടനം വച്ച് സഞ്ജുവിനാണ് സാധ്യത കൂടുതൽ.




