കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലിൽ നടത്തിയ ലഹരിവേട്ടയുടെ അന്വേഷണം ക്രൂയിസ് പാർട്ടിയിലേക്ക്. കേസിൽ പിടിയിലായ ഷോൺ കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിൽ ക്രൂയിസ് പാർട്ടി സംഘടിപ്പിച്ചിരുന്നുവെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.
പാർട്ടിയിലേക്കും ലഹരി വസ്തുക്കൾ എത്തിച്ചെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊച്ചിയിൽ സ്ഥിരമായി പാർട്ടികൾ സംഘടിപ്പിക്കുന്ന വ്യക്തിയാണ് ഷോൺ എന്നും പൊലീസ് വ്യക്തമാക്കി.
ഇന്നലെ നടത്തിയ റെയ്ഡിൽ ഡോക്ടർ, അഭിഭാഷകൻ, ഇവന്റ് മാനേജ്മെന്റ് സ്ഥാപന ഉടമ എന്നിവരടക്കം ചിലരെ ആഡംബര ഹോട്ടലിൽ നിന്ന് കൊക്കെയ്നുമായി പിടികൂടിയിരുന്നു. ഇവരിൽ നിന്ന് വിവിധ മാരക ലഹരി വസ്തുക്കൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ എട്ട് പേരെയും പിന്നീട് ജാമ്യത്തിൽ വിട്ടു.
അതേസമയം, ആഡംബര ക്രൂയിസായ നെഫർറ്റിറ്റിയിൽ നടന്ന ലഹരി പാർട്ടിയിലേക്കാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. ഹൈബ്രിഡ് കഞ്ചാവ്, കൊക്കെയ്ൻ, മെത്താംഫിറ്റമിൻ എന്നിവ വിദേശത്തുനിന്ന് എത്തിച്ചതാണെന്നാണ് കസ്റ്റംസ് വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ.
കേസിലെ പ്രധാന പ്രതിയായ ഷോൺ മുൻപ് കസ്റ്റംസ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന വ്യക്തിയാണ്. കഴിഞ്ഞ വർഷവും ഇതേ ക്രൂയിസിൽ നടന്ന ലഹരി പാർട്ടിക്കിടെ കസ്റ്റംസ് സംഘം എത്തിയപ്പോൾ ഇയാൾ രക്ഷപ്പെട്ടിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമാകുന്നു. നിലവിൽ സംഭവത്തിൽ വിവിധ ഏജൻസികൾ ചേർന്ന് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.






