കോട്ടയം: ഏറ്റുമാനൂർ- മണർകാട് ബൈപ്പാസിൽ പള്ളിയിലേക്ക് പോവുകയായിരുന്ന രണ്ട് വയോധികരെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതികളെ 48 മണിക്കൂറിനുള്ളിൽ ഏറ്റുമാനൂർ പോലീസ് പിടികൂടി. പത്തനംതിട്ട സ്വദേശികളായ രവീന്ദ്രൻ കെ.വി (44), ശിവപ്രസാദ് (41), സോമേഷ് കുമാർ (46), തിരുവനന്തപുരം സ്വദേശി രതീഷ് ചന്ദ്രൻ (44) എന്നിവരും മോഷണമുതൽ വിൽക്കാൻ സഹായിച്ച അയർക്കുന്നം സ്വദേശി അബ്രഹാം മാത്യു (55) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഡിസംബർ 16-ന് വെളുപ്പിന് 5.40-ഓടെയാണ് കേസിനാസ്പദമായ സംഭവം. ബൈപ്പാസിൽ ചെറുവാണ്ടൂർ ഭാഗത്തുകൂടി നടന്നുപോവുകയായിരുന്ന പേരൂർ സ്വദേശികളായ രണ്ട് സ്ത്രീകളെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള നീല നിറത്തിലുള്ള മാരുതി ഫ്രോൺസ് കാറിലെത്തിയ സംഘം ആക്രമിക്കുകയും നാല് പവനോളം തൂക്കം വരുന്ന സ്വർണ്ണമാല കവരുകയുമായിരുന്നു. തമിഴ്നാട്ടിലെ പഴനി, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ മോഷണശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് മടങ്ങിയെത്തിയ സംഘം ആസൂത്രിതമായാണ് ഏറ്റുമാനൂരിൽ കവർച്ച നടത്തിയത്.
മോഷണത്തിന് ഉപയോഗിച്ച വാഹനത്തെ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം എന്നീ ജില്ലകളിൽ നിന്നായി പ്രതികളെ കുടുക്കാൻ പോലീസിനെ സഹായിച്ചത്. ഏറ്റുമാനൂർ ഐ.എസ്.എച്ച്. ഒ ശ്യാം, എസ്.ഐമാരായ അഖിൽ ദേവ്, തോമസ് ജോസഫ്, എ.എസ്.ഐ ഗിരീഷ് കുമാർ, സി.പി.ഒമാരായ ജ്യോമി, സുനിൽ കുര്യൻ, സാബു, അനീഷ്, അജിത്, അനിൽ എന്നിവരടങ്ങിയ സംഘമാണ് അതിവേഗ അന്വേഷണത്തിലൂടെ പ്രതികളെ വലയിലാക്കിയത്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികളെ ചോദ്യം ചെയ്തതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.




