ജക്കാർത്ത: ജക്കാർത്തയിലെ മുസ്ലീം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ സ്ഫോടനം. സ്ഫോടനത്തിൽ 54 പേർക്ക് പരിക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു. കുട്ടികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർക്ക് പൊള്ളലേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും ജക്കാർത്ത പോലീസ് മേധാവി അസെപ് എഡി സുഹേരി അറിയിച്ചു.
വടക്കൻ ജക്കാർത്തയിലെ കെലാപ ഗാഡിംഗ് മേഖലയിലുള്ള നാവികസേനാ കോംപൗണ്ടിനുള്ളിലെ പള്ളിയിലാണ് സംഭവം നടന്നത്. സംഭവസ്ഥലത്ത് പൊലീസ്, അഗ്നിശമനസേന, ആംബുലൻസ് സംഘം അടിയന്തരമായി എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന തുടരുകയാണ്. സ്ഫോടനം ഭീകരപ്രവർത്തനമാണോ അപകടമാണോ എന്നത് സംബന്ധിച്ച വ്യക്തത നിലവിൽ ലഭ്യമല്ലെന്നും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.










