മലപ്പുറം: സാമ്പത്തിക ഇടപാട് തർക്കത്തെ തുടർന്ന് പൂക്കോട്ടൂര്‍ പള്ളിമുക്കില്‍ ജ്യേഷ്ഠന്‍ സഹോദരനെ കുത്തിക്കൊന്നു. പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശി അമീര്‍ സുഹൈല്‍ (26) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ സഹോദരന്‍ ജുനൈദ് (28) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു കൊലപാതകം. പ്രതി വീട്ടിലെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കടം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീടിന്റെ സാമ്പത്തിക പ്രശ്‌നങ്ങളും കടബാധ്യതകളുമാണ് സഹോദരന്മാര്‍ തമ്മിലെ തര്‍ക്കത്തിന് കാരണം. മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റി.






