കോട്ടയം: തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്കൂളിൽ പുതുതായി നിർമ്മിച്ച ഹയർ സെക്കൻഡറി ബ്ലോക്കിലെ മെയിൻ സ്വിച്ച് സ്ഥാപിച്ചിരുന്ന ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. സ്പെഷ്യൽ ക്ലാസ്സുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം. പെട്ടെന്നുണ്ടായ പൊട്ടിത്തെറിയുടെ ശബ്ദവും കനത്ത പുകയും ശ്രദ്ധയിൽപ്പെട്ട സമീപത്തെ കടയുടമ സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ അഗ്നിശമനസേനയെ വിവരമറിയിച്ചു.
വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമനസേന സംഘം അതിവേഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഇതിനിടെ കുട്ടികളെ പൂർണമായും സുരക്ഷിതമായി കെട്ടിടത്തിൽ നിന്ന് പുറത്തിറക്കുകയും ചെയ്തു. അഗ്നിശമനസേനയുടെ സമയോചിത ഇടപെടലിനെ തുടർന്ന് തീ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാൻ സാധിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തീപിടിത്തത്തിന് ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആളപായമില്ല. എന്നാൽ കെട്ടിടത്തിലെ ചില ഭാഗങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.




