ശ്രീലങ്ക: ഇന്ത്യ പാക് അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ കേരൻ സെക്ടറിൽ പാക് ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ സൈന്യം ശക്തമായ പ്രതിരോധ നടപടി സ്വീകരിച്ചു. സൈന്യം വെടിയുതിർത്തെതോടെ ഡ്രോണുകൾ നിയന്ത്രണ രേഖ കടക്കാതെ തന്നെ തിരികെ മടങ്ങിയതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. നിയന്ത്രണ രേഖയ്ക്ക് സമീപം ഒന്നിലധികം ഡ്രോണുകൾ ആകാശത്ത് തങ്ങിനിൽക്കുന്നതായി കേരൻ സെക്ടറിന്റെ മുൻവശത്ത് വിന്യസിച്ചിരുന്ന പ്രാദേശിക സൈനിക യൂണിറ്റ് കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ സൈന്യം ജാഗ്രതയോടെ വെടിവെച്ചതോടെ ഡ്രോണുകൾ പാകിസ്ഥാൻ ഭാഗത്തേക്ക് പിന്തിരിഞ്ഞു. സംഭവത്തെ തുടർന്ന് അതിർത്തി മേഖലയിലെ സുരക്ഷ ശക്തമാക്കിയതായി സൈന്യം അറിയിച്ചു. ഓപ്പറേഷൻ സിന്ധൂറിന് ശേഷവും പാകിസ്ഥാന്റെ പ്രകോപനങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ശക്തമായ തിരിച്ചടി നൽകുമെന്ന് നേരത്തെ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപുറമേ, രജൗരി, പൂഞ്ച് മേഖലകളിലെ നിയന്ത്രണ രേഖയിലും സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിലും ആകെ അഞ്ച് ഡ്രോണുകൾ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനുവരി 13-ന് ജമ്മു സെക്ടറിൽ രണ്ട് ഡ്രോണുകൾ കണ്ടതായും, തുടർന്ന് നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി 17-ന് സാംബ ജില്ലയിലെ രാംഗഡ് സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ മറ്റൊരു ഡ്രോൺ കണ്ടെത്തിയതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.
തുടർച്ചയായ ഡ്രോൺ കടന്നുകയറ്റ ശ്രമങ്ങൾ സുരക്ഷാ ഏജൻസികൾ ഗൗരവത്തോടെ നിരീക്ഷിച്ചുവരികയാണ്. അതിർത്തി മേഖലകളിൽ കർശന പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.




