പാലക്കാട്: കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കുടുംബത്തോടൊപ്പം റിസോർട്ടിൽ എത്തിയതായിരുന്നു റിഹാൻ. മറ്റ് കുട്ടികളോടൊപ്പം റിസോർട്ട് പരിസരത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി നീന്തൽക്കുളത്തിൽ വീഴുകയായിരുന്നു.
കുട്ടിയെ ഉടൻ തന്നെ വെള്ളത്തിൽ നിന്ന് കരയ്ക്കെത്തിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോട്ടായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


