ഹൈദരാബാദ്: സെക്കന്ദരാബാദിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. ബൊല്ലാരത്തിൽ ഒറേലി മോസസ് ഫെർണാണ്ടസ് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടി താമസിച്ചിരുന്ന കെട്ടിടസമുച്ചയത്തിലെ ക്ലബ് ഹൗസിന്റെ ബേസ്‌മെന്റിലുള്ള വാട്ടർ ടാങ്കിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിലെ മുൻ സുരക്ഷാജീവനക്കാരനായ വിക്രമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. ഇയാൾ 20 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
കാർഷിക ശാസ്ത്രജ്ഞനായ പിതാവിനൊപ്പം താമസിച്ചിരുന്ന കുട്ടിയെ ശനിയാഴ്ച വൈകുന്നേരമാണ് കാണാതായത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തിരച്ചിലിൽ രാത്രി ഒൻപതുമണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാതാകുന്നതിന് തൊട്ടുമുൻപുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ മുൻ സുരക്ഷാജീവനക്കാരനായ വിക്രം പിന്നിൽ നിൽക്കുന്നതായി കാണുന്നുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെട്ട് അച്ഛന് പരിചയമില്ലാത്ത നമ്പറിൽനിന്ന് ഫോൺ വിളി വന്നിരുന്നതായി പിതാവ് പൊലീസിനോട് പറഞ്ഞു. മോചനദ്രവ്യം നൽകാമെന്ന് കുടുംബം സമ്മതിച്ചെങ്കിലും വിക്രം ഫോൺ സ്വിച്ച് ഓഫ് ചെയ്തു. കൈകാലുകൾ കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം വാട്ടർ ടാങ്കിൽ കണ്ടെത്തിയത്.
മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിക്രം സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷന് സമീപത്തേക്ക് പോയതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിനായി പൊലീസ് പത്ത് പ്രത്യേക അന്വേഷണസംഘങ്ങൾ രൂപീകരിച്ചു.
മോശം പെരുമാറ്റത്തെ തുടർന്ന് രണ്ടുദിവസം മുൻപാണ് വിക്രമിനെ സുരക്ഷാജീവനക്കാരന്റെ ജോലിയിൽനിന്ന് പുറത്താക്കിയത്. ഒറേലിയുടെ മുത്തച്ഛൻ ഉൾപ്പെട്ട സമിതിയായിരുന്നു നടപടി സ്വീകരിച്ചത്. ഇതിലുള്ള വിരോധം മൂലമാകാം കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് സമീപവാസികളുടെ സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




