ന്യൂഡൽഹി: തെലങ്കാനയിൽ നടന്ന ഭാരത് സമ്മിറ്റിൽ വിദേശ പ്രതിനിധികൾക്ക് പ്രവേശനം നിഷേധിച്ച നടപടിക്കെതിരെ കോൺഗ്രസ് എംപി ശശി തരൂർ രംഗത്ത്. നടപടി നിരാശാജനകമാണെന്നും ഏത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്ന നടപടിയാണിതെന്നും എതിർ ശബ്ദങ്ങളെല്ലാം അടിച്ചമർത്തുകയാണെന്നും തരൂർ വിമർശിച്ചു.
സമ്മേളനത്തിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയ 315 പ്രഭാഷകരിൽ 115 പേർക്കും ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കുകയോ വിസ റദ്ദാക്കുകയോ ചെയ്ത വിവരം ഹൈദരാബാദിലെത്തിയപ്പോഴാണ് അറിഞ്ഞതെന്ന് തരൂർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏത് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇത്രയും കടുത്ത നടപടി സ്വീകരിച്ചതെന്ന് വ്യക്തമല്ല. സമ്മേളനം നാളെ അവസാനിക്കാനിരിക്കെ തീരുമാനം തിരുത്താൻ ഇനി സാധിക്കില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി. വിമർശനാത്മകമായേക്കുമെന്ന് ഭയപ്പെടുന്ന ശബ്ദങ്ങളെപ്പോലും അടിച്ചമർത്താൻ മാത്രം ഒരു അഭിമാനകരമായ ജനാധിപത്യം അരക്ഷിതാവസ്ഥയിലായിപ്പോയത് ലജ്ജാകരമാണെന്നും അദ്ദേഹം കുറിച്ചു.


