മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിലെ അൽ-സീബ് വിലായത്തിൽ വൻ മയക്കുമരുന്ന് വേട്ട. മയക്കുമരുന്ന് നിയന്ത്രണ ഡയറക്ടറേറ്റും മസ്കറ്റ് പൊലീസും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഒരാൾ പിടിയിലായത്.
പിടിയിലായ അറബ് പൗരന്റെ പക്കൽ നിന്ന് 36,000ത്തിലധികം സൈക്കോട്രോപിക് ഗുളികകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. വിൽപ്പന ലക്ഷ്യമിട്ടാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ടതായി സംശയിക്കുന്ന പ്രാദേശിക കറൻസിയും വിവിധ ഗൾഫ് രാജ്യങ്ങളിലെ നാണയങ്ങളുമടക്കം വലിയ തുകയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.




