ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം കേരളം വീണ്ടും ഇരുട്ടിലേക്ക്. അതെ, ആ പവർകട്ട് ദിനങ്ങൾ മടങ്ങിയെത്തുകയാണ്. സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കേരളത്തിന് 1280 മെഗാവാട്ട് വൈദ്യുതി നൽകുന്നതിൽ നിന്ന് ഹിമാചൽ പ്രദേശ് പിന്മാറിയതോടെയാണ് സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക് പോകുമെന്ന് ഉറപ്പായത്. ഉയർന്ന നിരക്ക് നിശ്ചയിച്ച കരാർ രാജസ്ഥാൻ സ്വന്തമാക്കിയതോടെയാണ് പിന്മാറ്റം. വൈദ്യുതി വാങ്ങുന്നതിൽ കേരളം കൃത്യസമയത്ത് തീരുമാനമെടുക്കാത്തതാണ് തിരിച്ചടിയായത്.
സര്‍ക്കാര്‍ അലംഭാവമാണ് വൈദ്യുതി ഹിമാചലിൽ നിന്നുള്ള വൈദ്യുതി ലഭിക്കാത്തതിന് കാരണം. കെഎസ്ഇബി പല തവണ കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നില്ല. ഒരുമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ് ഹിമാചല്‍ പ്രദേശിന്റെ പിന്മാറ്റം. രാത്രികാലങ്ങളില്‍ 1200 മെഗാവാട്ട് വൈദ്യുതി വരെ നല്‍കാമെന്നായിരുന്നു ഹിമാചലുമായുള്ള ധാരണ. ഹിമാചല്‍ പ്രദേശില്‍ നിന്ന് ലഭിച്ച വൈദ്യുതി ഉപയോഗിച്ചാണ് ഈ മാസം പ്രതിസന്ധിയില്ലാതെ കടന്ന് പോയത്. അടുത്ത വര്‍ഷം മേയ് വരെയുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയുന്ന സാഹചര്യമാണ് സര്‍ക്കാര്‍ അനുമതി നീണ്ടതിലൂടെ നഷ്ടപ്പെട്ടത്.
നവംബര്‍ ഒന്ന് രാത്രി മുതല്‍ 1280 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാവുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. റിയല്‍ മാര്‍ക്കറ്റില്‍ വൈദ്യുതി ലഭിച്ചില്ലെങ്കില്‍ വീണ്ടും നിയന്ത്രണം വേണ്ടി വരും. പ്രതിസന്ധി വീണ്ടും രേഖാമൂലം സര്‍ക്കാരിനെ അറിയിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. നിലവിലെ സാഹചര്യം വിശദീകരിച്ചാകും കത്ത് നല്‍കുക. സംസ്ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 2027 മാർച്ച് 30 വരെ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഹ്രസ്വകാല കരാറിന് അനുമതി നൽകിയത്. ഇതുപ്രകാരം അഞ്ച് കമ്പനികളിൽ നിന്നായി 270 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് 6.99 മുതൽ പരമാവധി 10 രൂപ വരെ നൽകാം. പത്ത് രൂപയിൽ കൂടരുതെന്ന കമ്മീഷന്റെ കർശന നിബന്ധനയോടെയാണ് കരാറിന് അംഗീകാരം നൽകിയിരിക്കുന്നത്.
അഞ്ച് വ്യത്യസ്ത കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. പിടിസി ഇന്ത്യ ലിമിറ്റഡ്, ആർപിജി പവർ ട്രേഡിംഗ് കമ്പനി ലിമിറ്റഡ് എന്നിവയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതുകൊണ്ട് എത്ര ദിവസം പിടിച്ച് നിൽക്കാൻ പറ്റുമെന്നത് മറ്റൊരു ചോദ്യം.
സംസ്ഥാനത്തെ ഊർജ്ജ മേഖല വൻ പ്രതിസന്ധിയിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രതിവർഷം വർദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും ഉത്പാദനത്തിലെ പരിമിതിയും വാങ്ങാൻ കിട്ടുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞതും കൂടിയ വിലയും പ്രതിസന്ധി സൃഷ്ടിക്കുന്നു. തന്റെ കൈയ്യിൽ മാജിക്ക് ഒന്നും ഇല്ലെന്ന വൈദ്യുതി മന്ത്രിയുടെ വാക്കിൽ അൽപ്പം കാര്യമുണ്ട്. ശരിയാണ്, മന്ത്രിക്ക് മഴ പെയ്യിക്കാനോ ചൂട് കുറയ്ക്കാനോ കഴിയില്ല, പക്ഷേ ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകും എന്നത് വെറുതെ പത്രം വായിക്കുന്ന സ്കൂൾ കുട്ടികൾക്ക് വരെ അറിയാമെന്നിരിക്കെ സംസ്ഥാനത്തെ വൈദ്യുതി മന്ത്രിക്ക് വലിയ ധാരണയില്ലാതെ പോയതെങ്ങനെ എന്ന ചോദ്യം ചോദിക്കുക തന്നെ ചെയ്യും.
കറന്റില്ലാതെ കേരളം വറുതിയിലേക്ക് നീങ്ങുമ്പോള്‍, ബോര്‍ഡിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അനാസ്ഥയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ തുറന്നടിച്ചത്. പവര്‍കട്ടും നിയന്ത്രണങ്ങളും ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കേണ്ടിയിരുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിനാണ് കെ.എസ്.ഇ.ബിക്ക് കമ്മീഷനില്‍ നിന്ന് രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരിക്കുന്നത്.
വൈദ്യുതി ഉത്പാദനത്തില്‍ സംസ്ഥാനത്ത് വലിയ തോതിലുള്ള കുറവ് അനുഭവപ്പെടുമ്പോഴും, ഇത്തരം നിര്‍ണായക പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ബോര്‍ഡ് കാട്ടിയ അലംഭാവവും അനാസ്ഥയും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കമ്മിഷന്‍ കുറ്റപ്പെടുത്തി. ഈ ഗുരുതര വീഴ്ചയ്ക്ക് ആരാണ് യഥാര്‍ത്ഥത്തില്‍ ഉത്തരവാദിയെന്ന ചോദ്യവും കമ്മീഷന്‍ ഉത്തരവിലൂടെ ഉന്നയിച്ചിട്ടുണ്ട്. ഇതു തന്നെയാണ് കേരളത്തിലെ ഊര്‍ജ്ജ പ്രതിസന്ധിയുടെ അടിസ്ഥാന കാരണവും.
പദ്ധതികള്‍ വൈകിയത് വഴി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായതെന്ന വിലയിരുത്തലിലാണ് കമ്മീഷന്‍ എത്തിയിരിക്കുന്നത്. അതേസമയം, ബോര്‍ഡിന്റെ വീഴ്ചകള്‍ കാരണം ഉണ്ടായ ഉത്പാദനക്കുറവ് പരിഹരിക്കുന്നതിനായാണ് നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ഹ്രസ്വകാല വൈദ്യുതി കരാറുകള്‍ക്ക് റഗുലേറ്ററി കമ്മിഷന്‍ അനുമതി നൽകിയത്.
അസാധാരണമായ രീതിയിലാണ് വൈദ്യുതി ഉപയോഗം കൂടിയതെന്നാണ് സണ്ണി ജോസഫ് പരാതിപ്പെടുന്നത്. ഒപ്പം വിറ്റുപോയ എസികളുടെ കണക്ക് വരെ നിരത്തുന്നുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ അഞ്ചുവർഷത്തിനിടെ 800 കോടി യൂണിറ്റിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഓരോ വർഷവും വേനൽച്ചൂട് ഉയരുന്നതും അതിനനുസരിച്ച് എ.സി. ഉപയോഗിക്കുന്നവരുടെ എണ്ണത്തിലെ വർധനയുമാണ് ഉപഭോഗം ഉയരാനുള്ള പ്രധാനകാരണമെന്നാണ് വിവരം. അഞ്ചുവർഷത്തിനിടെ ഏകദേശം 30 ലക്ഷം പേർ എ.സി. ഉപയോഗത്തിലേക്കു മാറിയതായാണ് കണക്ക്. ഉപഭോഗം കുതിച്ചുയരുന്നതനുസരിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനത്തിൽ വർധനയുണ്ടാകുന്നുമില്ല. ഈ നില തുടരുകയാണെങ്കിൽ സമീപഭാവിയിൽ അതിരൂക്ഷമായ വൈദ്യുതിപ്രതിസന്ധിയാകും സംസ്ഥാനം അഭിമുഖീകരിക്കേണ്ടിവരുക.
2023-ൽ 4.8 ലക്ഷം എ.സി.കളാണ് കേരളത്തിൽ വിറ്റത്. 2024-ൽ ഇത് ഏഴ് ലക്ഷത്തിലധികമായി. 2025-ൽ അഞ്ച് ലക്ഷം എ.സി.കളാണ് വിറ്റത്. സംസ്ഥാനത്ത് 2021 മുതൽ 2026 മാർച്ചുവരെ ഏകദേശം 30 ലക്ഷം എ.സി.കളാണ് വിറ്റത്. സംസ്ഥാനത്ത് വിറ്റുപോകുന്നതിൽ 60 ശതമാനവും ഒരു ടണ്ണിന്റെ എ.സി.കളാണ്. ഒരു ടണ്ണിന്റെ 1,200 വാട്ടിന്റെ എ.സി. ഒരുമണിക്കൂർ ഉപയോഗിച്ചാൽ 1.2 യൂണിറ്റ് ഉപഭോഗം വരും. വൈകുന്നേരങ്ങളിലെ പീക്ക് അവേഴ്സിൽ വരുന്ന ഈ അപ്രതീക്ഷിത കുതിച്ചുചാട്ടം സംസ്ഥാനത്തിന്റെ വിതരണ ശൃംഖലയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
കേരളത്തിന്റെ പ്രതിവർഷ വൈദ്യുതി ഉപഭോഗം റെക്കോർഡ് തലത്തിലാണ്. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെയും കെ.എസ്.ഇ.ബി.യുടെയും കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ വാർഷിക വൈദ്യുതി ഉപഭോഗം ഏകദേശം 27,581 GWh (Gigawatt-hours) ആയി ഉയർന്നു. സംസ്ഥാനത്തിന്റെ പ്രതിദിന വൈദ്യുതി ഉപഭോഗം ശരാശരി 93.6 ദശലക്ഷം യൂണിറ്റുകൾക്ക് മുകളിലാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പ്രതിദിനം ഏകദേശം 10 ദശലക്ഷം യൂണിറ്റിന്റെ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ആഭ്യന്തര ഉത്പാദനം പര്യാപ്തമാകാതെ വരുമ്പോൾ കേരളം പുറത്തുനിന്നുള്ള വൈദ്യുതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. സംസ്ഥാനം അതിന്റെ മൊത്തം വൈദ്യുതി ആവശ്യത്തിന്റെ മുക്കാൽ ഭാഗത്തോളവും പുറത്തുനിന്ന് വാങ്ങുകയാണ്. വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ഉയർന്ന വിലയ്ക്കാണ് വൈദ്യുതി വാങ്ങേണ്ടി വരുന്നത്. ഇങ്ങനെയാണ് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി തരാമെന്ന് ഹിമാചൽ സമ്മതിച്ചത്. ആ അവസരമാണ് സർക്കാരിന്റെ അനാസ്ഥ മൂലം ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്.
വൈദ്യുതിബോർഡിന്റെ മുൻകാലനഷ്ടമായ 5000 കോടി രൂപ നാലുവർഷംകൊണ്ട് സർച്ചാർജിലൂടെ ഈടാക്കുന്നതിനുള്ള താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിജ്ഞാപനംചെയ്തിരുന്നു. ഇതോടെ 2027 ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതിനിരക്കും സർച്ചാർജും നിലവിൽ വരും. വൈദ്യുതിയുമില്ല, കൂടുതൽ ബില്ലും അടയ്ക്കണം! ഇതാണ് ഇനിയങ്ങോട്ട് മലയാളികളെ കാത്തിരിക്കുന്ന സാഹചര്യം. എന്തായാലും ഉറക്കമില്ലാത്ത രാത്രികൾക്കായി ഒരുങ്ങിയിരിക്കാം എന്നേ ഇപ്പോൾ പറയാനാകൂ.


