ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അടുത്ത അഞ്ച് വർഷത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളുടെ നിവേദനങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് സംസ്ഥാന സർക്കാർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒക്ടോബർ 30 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു.
പുതിയ ഉത്തരവ് പ്രകാരം ഗ്രൂപ്പ് I സർവീസുകളിൽ ജനറൽ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ ഉയർന്ന പ്രായപരിധി 32ൽ നിന്ന് 37 വയസ്സായി ഉയരും. സംവരണ വിഭാഗക്കാർക്ക് നിലവിലുള്ള 37 വയസ്സ് എന്ന പരിധി 42 ആയി വർധിക്കും.
ഗ്രൂപ്പ് I തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കും ഇളവ് ബാധകമാണ്. ജനറൽ വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് നിലവിലുള്ള 42 വയസ്സ് എന്ന ഉയർന്ന പ്രായപരിധി 47 ആയും സംവരണ വിഭാഗങ്ങളിലെ ഭിന്നശേഷിക്കാർക്ക് 47ൽ നിന്ന് 52 വയസ്സായും ഉയരും.
ഗ്രൂപ്പ് II, ഗ്രൂപ്പ് II-A സർവീസുകളിലും പ്രായപരിധിയിൽ മാറ്റമുണ്ടാകും. ജനറൽ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് നിലവിൽ 30 വയസ്സാണ് ഉയർന്ന പ്രായപരിധി. ഇത് 35 വയസ്സായി ഉയർത്തി. ജനറൽ വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് 40 വയസ്സായിരുന്ന പരിധി 45 ആയും വർധിപ്പിച്ചു.
അതേസമയം, ഗ്രൂപ്പ് II, ഗ്രൂപ്പ് II-A സർവീസുകളിൽ സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിലവിൽ ഉയർന്ന പ്രായപരിധിയില്ല. ഈ വ്യവസ്ഥയിൽ മാറ്റമില്ല.
പ്രായപരിധി കഴിഞ്ഞതിനാൽ സർക്കാർ ജോലി പരീക്ഷകൾക്ക് അപേക്ഷിക്കാൻ കഴിയാതിരുന്ന നിരവധി ഉദ്യോഗാർത്ഥികൾക്ക് പുതിയ തീരുമാനം ആശ്വാസമാകും. അടുത്ത അഞ്ച് വർഷത്തേക്ക് ലഭിക്കുന്ന ഇളവ് സർക്കാർ ജോലി തേടുന്നവർക്ക് കൂടുതൽ അവസരങ്ങൾ തുറക്കുമെന്നാണ് വിലയിരുത്തൽ.


