വനപാലകരെ ഗുണ്ടകളാക്കിമാറ്റുന്ന നിയമമാണ് കേരളത്തില്‍ വരാന്‍പോവുന്ന വനനിയമഭേദഗതി ബില്‍ എന്ന് പി വി അന്‍വര്‍ എം എല്‍ എ. മലയോര മേഖലയില്‍ വലിയ ദുരന്തമാണ് ഈ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വനം മന്ത്രിയെന്ന നിലയില്‍ ഏ കെ ശശീന്ദ്രന്‍ വന്‍പരാജയമാണ്. വനം വകുപ്പ് അധികൃതര്‍ സാമൂഹ്യവിരുദ്ധസംഘമായി വളര്‍ന്നിരിക്കയാണ്. വനത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഭൂമി പിടിച്ചെടുക്കുകയാണ്. സി പി ഐ മന്ത്രിമാരും കേരളാ കോണ്‍ഗ്രസ് എം എല്‍ എമാരും മൗനം പാലിക്കുന്നു. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് കര്‍ഷകവിരുദ്ധ നിയമത്തില്‍ ഒപ്പിട്ട റോഷി അഗസ്റ്റിന് എങ്ങിനെ മലയോര ജനതയോട് സംസാരിക്കാന്‍ കഴിയും. മലയോര മേഖലയിലെ കുടിവെള്ള പദ്ധതികളെ വനനിയമ ഭേദഗതി ബില്‍ ബാധിക്കും. പുഴകള്‍ പോലും ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റ് പിടിച്ചെടുക്കുകയാണ്.
വിഷയത്തിന്റെ ഗൗരവം മനസിലാക്കണം. 63 നിയമസഭാ മണ്ഡലങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് വനനിയമഭേദഗതി. യു ഡി എഫ് വിഷയം ഏറ്റെടുക്കണം. ഞാന്‍ മലയോര കര്‍ഷകരുടെ വിഷയത്തിനായി നിലകൊള്ളും. എനിക്ക് എം എല്‍ എ യായി തുടരാനല്ല ഈ പോരാട്ടം. സമരം യു ഡി എഫ് ഏറ്റെടുക്കണം. ഞാന്‍ ഉന്നയിച്ചിരിക്കുന്ന വിഷയം ഏറ്റെടുക്കണം. ഭരണത്തില്‍ തിരിച്ചെത്താന്‍ യു ഡി എഫിനെ അത് സഹായിക്കും. ഞാന്‍ യു ഡി എഫിനൊപ്പം നില്‍ക്കും.
അടിക്കാട്ടില്‍ വന്യമൃഗങ്ങള്‍ക്ക് ആഹാരം ലഭ്യമല്ല. ഇതോടെയാണ് ആനയും മറ്റും നാട്ടിലേക്ക് ഇറങ്ങുന്നത്. സ്വാഭാവികമായുള്ള ജലശ്രോതസുകള്‍ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. കാട്ടില്‍ ആനയ്ക്കുള്ള ഭക്ഷണം ഇല്ലാതാക്കി. വന്യമൃഗങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. വിദേശ രാജ്യങ്ങളില്‍ കാടുണ്ട്. വന്യമൃഗങ്ങശളുമുണ്ട്. എന്നാല്‍ ജനങ്ങളെ കൊല്ലുന്നില്ല, അവിടെ മൃഗങ്ങളെ നിയന്ത്രിക്കാന്‍ സംവിധാനമുണ്ട്.
ഇത് എന്റെ നിലനില്‍പ്പിന്റെ വിഷയമല്ല. എന്‍ സി പി ദേശീയ അധ്യക്ഷന്‍ ആവശ്യപ്പെട്ടിട്ടും മന്ത്രിയെ മാറാത്തത് വനനിയമഭേദഗതി ബില്ലില്‍ തോമസ് കെ തോമസ് ഒപ്പിടില്ലെന്നതുകൊണ്ടാണ്.
ഞാന്‍ എന്നും ആത്മാര്‍ത്ഥതയോടെ മാത്രമേ നിലനിന്നിട്ടുള്ളൂ. എനിക്ക് യു ഡി എഫില്‍ പ്രവേശിപ്പാന്‍ ഉള്ള നീക്കമൊന്നുമല്ല. എന്റെ വ്യക്തിപരമായ താല്പര്യമായിരുന്നുവെങ്കില്‍ എല്‍ ഡി എഫില്‍ നിന്നാല്‍ മതിയായിരുന്നുവല്ലോ. അവിടെ നല്ല നിലയിലുണ്ടായിരുന്ന ആളായിരുന്നു ഞാന്‍ എന്നു നിങ്ങള്‍ക്കറിയാമല്ലോ. എന്നെ എന്തിനാണ് അറസ്റ്റു ചെയ്തത്. സി പി എമ്മില്‍ നിന്നും ചില നേതാക്കള്‍ എന്നോടൊപ്പം വരാന്‍ സാധ്യതയുണ്ടെന്ന് കണ്ട
പ്പോഴാണ് അറസ്റ്റും മറ്റും. ഞാന്‍ യു ഡി എഫിന്റെ ഭാഗമായി മാറുന്നതോടെ എന്താണ് സംഭവിക്കുകയെന്ന് നിങ്ങള്‍ മനസിലാക്കണം. സി പി എമ്മില്‍ അസ്വസ്ഥരായി നില്‍ക്കുന്ന പലരും എനിക്കൊപ്പം എത്തും. പിണറായിയുടെ ലക്ഷ്യം ആര്‍ എസ് എസുമായുള്ള നകസ്സ് സംരക്ഷിക്കുയാണ്. അതിനുള്ള എല്ലാ തെളിവുകളും എന്റെ കൈയ്യിലുണ്ട്. ഒരിക്കലും സി പി എം കേരളത്തില്‍ വരാതിരിക്കാനുള്ള ചുമതലയാണ് ആര്‍ എസ് എസ് പിണറായിയെ ഏല്‍പ്പിച്ചിരിക്കുന്നത്. എഡിജിപി എം ആര്‍ അജിത് കുമാര്‍ നടത്തിയ ചില നീക്കങ്ങള്‍ എന്താണെന്ന് വ്യക്തമാണ്.
പിണറായി വിജയന്‍ ആണ് കേരളത്തിലെ സി പി എമ്മിന്റെ അന്തകന്‍. സി ഐ ടി യു കേവലം നോക്കുകൂലി വാങ്ങുന്ന പാര്‍ട്ടിയായി. വര്‍ഗബഹുജന സംഘടനകളെല്ലാം മൗനത്തിലാണ്. അതാണ് പിണറായിസം. പ്രധാന നേതാക്കളെല്ലാം തമ്മില്‍ പൊളിറ്റിക്കല്‍ നക്‌സസ് ഉണ്ട്. അത് പ്രതിപക്ഷം തിരിച്ചറിഞ്ഞാല്‍ നല്ലതാണ്. സി പി എം -ബി ജെ പി അച്ചുതണ്ടാണ് ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഞാന്‍ പണ്ട് എന്ത് പറഞ്ഞുവെന്നത് ചര്‍ച്ച ചെയ്യേണ്ട കാലമല്ല ഇത്.
ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ എനിക്ക് പറയാനുണ്ട്. ഇപ്പോള്‍ അത് വ്യക്തമാക്കുന്നില്ല. ആവശ്യമെങ്കില്‍ അത് പറയും.
പാണക്കാട് തങ്ങളെ നേരില്‍ കാണും. പ്രതിപക്ഷ നേതാവുമായും കൂടിക്കാഴ്ച നടത്തും. എല്ലാവരോടും നന്ദി അറിയിച്ചിരുന്നുവെന്നും പി വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


