തിരുവനന്തപുരം: സിപിഐഎം നേതാവും മുൻ എംഎൽഎയുമായ എച്ച് സലാമിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ എംഎൽഎ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി നടത്തിയ പണപ്പിരിവിന്റെ കണക്ക് പുറത്തുവിടണമെന്ന സലാമിന്റെ ആവശ്യത്തിനെതിരെയാണ് സുധാകരന്റെ പ്രതികരണം. തന്റെ കൈയിൽ കണക്കുണ്ടെങ്കിൽ അത് സലാം തന്നെ പുറത്തുവിടട്ടെയെന്നും അദ്ദേഹം പറഞ്ഞു.
എച്ച് സലാമിനെക്കുറിച്ച് മാധ്യമങ്ങൾ അന്വേഷിക്കുകയും അദ്ദേഹത്തിന്റെ ചരിത്രം പരിശോധിക്കുകയും വേണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. ‘വിവരമില്ലാത്തവർ പലതും വിളിച്ചുപറയും’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷനും പാർട്ടിക്കും നൽകിയിട്ടുണ്ടെന്നും അതിൽ കൂടുതൽ എന്താണ് വേണ്ടതെന്നും സുധാകരൻ ചോദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് നൽകാതിരിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. താൻ നൽകിയ കണക്കുകൾ വായിക്കാതെയാണോ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സുധാകരൻ വിമർശിച്ചു. ‘അയാൾ ആരാണ്, ആ പേരിന് കേരളത്തിൽ എന്ത് പ്രസക്തിയാണുള്ളത്’ എന്നും അദ്ദേഹം ചോദിച്ചു. ഒരു രൂപ പോലും കൈക്കൂലി വാങ്ങാത്ത തന്നെ മോശക്കാരനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുധാകരൻ ആരോപിച്ചു. സലാം പറഞ്ഞതിന്റെ പിന്നാലെ പോകാതെ മാധ്യമപ്രവർത്തകർ വിഷയത്തിൽ സ്വതന്ത്രമായി അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഡിജിപിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകിയ സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സുധാകരൻ വ്യക്തമാക്കി. പത്രങ്ങളിൽ വന്ന വാർത്തകളിൽനിന്നുള്ള വിവരങ്ങൾ മാത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ സ്ഥാപനമായ ഇഡി അവരുടെ വഴിക്കാണ് പോകുന്നത്. ആരോപണവിധേയരാണ് അതിനെതിരെ എതിർ സത്യവാങ്മൂലമടക്കമുള്ള നിയമനടപടികൾ സ്വീകരിക്കേണ്ടത്. അതിൽ താൻ എന്തിനാണ് ഇടപെടുന്നതെന്നും സുധാകരൻ ചോദിച്ചു. തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ജി സുധാകരനെതിരെ എച്ച് സലാം രംഗത്തെത്തിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി നടത്തിയ പണപ്പിരിവിന്റെ കണക്ക് സുധാകരൻ പുറത്തുവിടണമെന്നും ആ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും സലാം ആവശ്യപ്പെട്ടിരുന്നു.
അഴിമതി വിരുദ്ധതയുടെ പേരിൽ ഭാര്യയുടെയും മകന്റെയും മരുമകളുടെയും പേരിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടോയെന്നും സുധാകരൻ വ്യക്തമാക്കണമെന്നായിരുന്നു സലാമിന്റെ ആരോപണം. ഒരു മാധ്യമപ്രവർത്തകനെ ആക്രമിക്കാനും മറ്റൊരു വനിതയ്ക്കെതിരെ ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തി വ്യക്തിഹത്യ നടത്താനും സുധാകരൻ ഡിവൈഎഫ്ഐ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നുവെന്നും സലാം ആരോപിച്ചിരുന്നു.


