കോട്ടയം: പാലാ നഗരസഭയിലെ 19-ാം വാർഡിൽ ഇത്തവണ ശക്തമായ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച കൗൺസിലർ മായാ രാഹുൽ ഇത്തവണ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ജനവിധി തേടുന്നത്. അതേ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് നഗരസഭയിലെ പ്രതിപക്ഷ നേതാവായ സതീഷ് ചൊള്ളാനിയാണ്. ഇതോടെ കോൺഗ്രസുകാർ തമ്മിൽ നേരിട്ടുള്ള മത്സരം ഉറപ്പായി.
മത്സരരംഗത്ത് വാർഡിലെ ജനങ്ങളുടെ നിർബന്ധപ്രകാരമാണ് താൻ വീണ്ടും ഇറങ്ങുന്നതെന്ന് മായാ രാഹുൽ വ്യക്തമാക്കി. “കഴിഞ്ഞ അഞ്ചുവർഷം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരിൽ ഒരാളായി അവരുടെ ആവശ്യങ്ങൾ നിറവേറ്റിയത് കൊണ്ട് തന്നെ ഇത്തവണയും താൻ മത്സരിക്കണമെന്ന് വാർഡിലെ താമസക്കാർ നിർബന്ധം പിടിച്ചു. തുടങ്ങിവച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതുമുണ്ട്,” മായ പറഞ്ഞു. വാർഡിലെ പരമ്പരാഗത പി എൻ ആർ കുടുംബാംഗമായ മായയ്ക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനവും യുവത്വത്തിന്റെ ഊർജ്ജസ്വലതയും കരുത്താണ്.
കോൺഗ്രസ് പോര്, വിമത ശബ്ദമായി മായാ രാഹുൽ ഔദ്യോഗികമായി ഒരു വിമത ശബ്ദമല്ലെങ്കിൽ പോലും, സിറ്റിങ് കൗൺസിലറായ അവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കോൺഗ്രസിനുള്ളിൽ എതിർപ്പിന്റെ നിറം കലർത്തുന്നുണ്ട്. നിലവിലെ പ്രതിപക്ഷ നേതാവ് കൂടിയായ സതീഷ് ചൊള്ളാനിയാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത് എന്നതും ഈ പോരാട്ടത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
അതേസമയം, കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ഈ മത്സരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനമുയർന്നിട്ടുണ്ട്. കോൺഗ്രസിന്റെ മുൻ ബ്ലോക്ക് പ്രസിഡണ്ടും മുൻ മുനിസിപ്പൽ വൈസ് ചെയർമാനുമായ സന്തോഷ് മണർകാട് പരസ്യമായി രംഗത്തെത്തി. കോൺഗ്രസുകാർ തമ്മിലടി നിർത്തണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.






