കൊച്ചി: ഫോർട്ട് കൊച്ചിയെക്കുറിച്ച് ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരൻ നടത്തിയ വർഗീയ പരാമർശത്തിനെതിരെ വിമർശനവുമായി ഹൈബി ഈഡൻ എംപി. കേരളത്തിനെതിരെ ഉത്തരേന്ത്യൻ ലോബി പ്രചാരണം നടത്തുകയാണെന്നും കൊച്ചിയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ലോകത്ത് കണ്ടിരിക്കേണ്ട 50 നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈബി ഈഡൻ, ഫോർട്ട് കൊച്ചി മതസൗഹാർദത്തിന്റെ ഇടമാണെന്നും വ്യക്തമാക്കി. അമൃത് സിംഗ് ഡാരന്റെ സുരക്ഷയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കേരളത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് ഇവിടുത്തുകാരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.
ഫോർട്ട് കൊച്ചിയിലെ കാശി കഫേയിലുള്ള മുഹമ്മദലി ജിന്നയുടെ ചിത്രം കലാസൃഷ്ടിയുടെ ഭാഗമാണെന്നും ഹൈബി ഈഡൻ വിശദീകരിച്ചു. വിവാദത്തിൽ അമൃത് സിംഗ് ഡാരന് പിന്തുണയുമായി രംഗത്തെത്തിയ ദിയ കൃഷ്ണയെയും എംപി വിമർശിച്ചു.
ഫോർട്ട് കൊച്ചിയിൽ മുസ്‌ലിം ജനസംഖ്യ കൂടുതലാണെന്നും ഇത് കേരളത്തിന് അപകടകരമാണെന്നുമുള്ള തരത്തിലായിരുന്നു അമൃത് സിംഗ് ഡാരന്റെ പരാമർശങ്ങൾ. പ്രദേശത്തെ ഭൂരിഭാഗം കച്ചവടക്കാരും ടാക്സി, ഓട്ടോറിക്ഷാ ഡ്രൈവർമാരും മുസ്‌ലിംകളാണെന്നും ഫോർട്ട് കൊച്ചി പൂർണമായും ഇസ്‌ലാമിക അന്തരീക്ഷത്തിലാണെന്നും ഇയാൾ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു.
വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നു. ഇതിനിടെ ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ വീഡിയോയ്ക്ക് താഴെ പിന്തുണ അറിയിച്ച് കമന്റ് രേഖപ്പെടുത്തിയതും വിവാദത്തിന് ആക്കം കൂട്ടി. ‘ദുഃഖകരമായ സത്യം’ എന്നായിരുന്നു ദിയയുടെ കമന്റ്.
വിവാദം ശക്തമായതോടെ അമൃത് സിംഗ് ഡാരനും ദിയ കൃഷ്ണയ്ക്കുമെതിരെ വിമർശനങ്ങൾ ഉയർന്നു. വിദ്വേഷപ്രചാരണവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ പൊലീസ് കേസെടുത്തതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ യൂട്യൂബറുടെ വീഡിയോയിലെ വിവാദ പരാമർശങ്ങൾ താൻ കേട്ടിരുന്നില്ലെന്നും കാശി കഫേയിലുള്ള മുഹമ്മദലി ജിന്നയുടെ ചിത്രത്തെ മുൻനിർത്തിയാണ് കമന്റ് രേഖപ്പെടുത്തിയതെന്നുമാണ് ദിയ കൃഷ്ണയുടെ വിശദീകരണം.
ഫോർട്ട് കൊച്ചിയുടെ മതസൗഹാർദവും പ്രദേശത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ സ്വഭാവവും ചർച്ചയാകുന്നതിനിടെ, വിവാദത്തിൽ രാഷ്ട്രീയ പ്രതികരണങ്ങളും ശക്തമാവുകയാണ്.


